തിരുവനന്തപുരം: കേന്ദ്രം അനുവദിക്കുന്ന 13,609 കോടി രൂപയുടെ വായ്പ പുതിയ സഹായമല്ലെന്നും നിലവിൽ കിട്ടാനുള്ളതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയ സാഹചര്യത്തിൽ ഇത് കിട്ടുന്നതിനു കേന്ദ്രത്തിൽനിന്ന് തടസ്സമുണ്ടായിരുന്നു. ആ തടസ്സമാണ് സുപ്രീംകോടതി നിർദേശപ്രകാരം മാറിയത്. ഇത് കേരളത്തിന് ശുഭകരമാണ്. സംസ്ഥാനത്തിന്റെ വായ്പപ്പരിധിയുമായി ബന്ധപ്പെട്ട് 26,000 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ട്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സെക്രട്ടറിതലത്തിൽ ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കും.
കോടതിയിലെ കേസുമായി ബന്ധപ്പെട്ട് അധികം കാര്യങ്ങൾ പറയാനില്ല. വിവാദമുണ്ടാക്കരുതെന്ന് കോടതിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ തർക്കങ്ങളുണ്ടാക്കേണ്ട കാര്യമില്ല- ബാലഗോപാൽ പറഞ്ഞു.
13,609 കോടി ഇങ്ങനെ
കേരളത്തിന് വായ്പയായി അനുവദിക്കാൻ സുപ്രീംകോടതി നിർദേശിച്ച 13,609 കോടി ഈയിനങ്ങളിൽ:
* ഊർജമേഖലയിലെ നഷ്ടം കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് അനുവദിച്ച 0.5 ശതമാനം അധിക വായ്പ- 4866 കോടി
* ട്രഷറിയിൽ പി.എഫ്. നിക്ഷേപം ഉൾപ്പടെയുള്ള പബ്ലിക് അക്കൗണ്ടിലെ തുക തെറ്റായി കണക്കാക്കി കേന്ദ്രം വെട്ടിക്കുറച്ച വായ്പ- 4323 കോടി
* കഴിഞ്ഞവർഷം അനുവദിച്ചതിൽ എടുക്കാൻ ശേഷിച്ച വായ്പ- 1877 കോടി
* എടുത്ത വായ്പ തിരിച്ചടച്ചതിന് പകരമായുള്ള പുനർവായ്പ- 2543 കോടി
















