ഷാർജ∙ ഷാർജയിലെ അൽ മംസാർ ബീച്ചിൽ ജെറ്റ് സ്കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസ്സുകാരി മരിച്ചു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ്ങും ദേശീയ ആംബുലൻസ് ജീവനക്കാരും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പെൺകുട്ടിയും 20 വയസ്സുകാരനായ സഹോദരനും ഓടിച്ച ജെറ്റ് സ്കീ മറ്റൊരു ജെറ്റ് സ്കീയിൽ ഇടിക്കുകയായിരുന്നു. പെൺകുട്ടി തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബുഹൈറ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനും മറ്റും ജെറ്റ് സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം രണ്ടാമത്തെ ജെറ്റ് സ്കി ഓടിച്ച വ്യക്തിക്ക് പരുക്കില്ല. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ