കൊച്ചി: വിചാരണ തുടങ്ങാനിരിക്കെ എറണാകുളം മഹാരാജസ് കോളേജിലെ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ നഷ്ടപ്പെട്ടിരിക്കുന്നത്. കുറ്റപത്രം, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ അടങ്ങിയ 11 നിർണായക രേഖകളാണ് കാണാതായത്. ഇത് കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. രേഖകൾ ഉടൻ തന്നെ വീണ്ടെടുക്കണമാണ് നിർദ്ദേശം. സുപ്രധാന രേഖകൾ നഷ്ടമായ വിവരം രഹസ്യമായിട്ടാണ് ഹൈക്കോടതിയെ അറിയിച്ചത്.
രേഖകൾ നഷ്ടമായ വിവരം 2023 ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പോൾ അതിന്റെ പകർപ്പുകൾ ലഭ്യമാണോയെന്നും വീണ്ടെടുക്കാനാകുമോയെന്നും ചോദിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് 2024 മാർച്ച് 18ലേക്ക് മാറ്റുകയും ചെയ്തിരുന്നു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ രേഖകൾ നഷ്ടപ്പെട്ടത് വലിയ വിവാദമായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിൽ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അർജുൻ എന്ന വിദ്യാർത്ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാർഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒൻപതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിർത്തുകയും സഹൽ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
















