ന്യൂഡൽഹി: ഉത്തർ പ്രദേശിലെ അമേഠി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് നിലവിലെ എം.പിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന സൂചനകൾക്കിടെയാണ് ബി.ജെ.പി നേതാവിന്റെ പരിഹാസം.
‘ഇത് വിചിത്രമാണ്, ആദ്യമായാണ് അമേഠിയിലെ സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കാൻ കോൺഗ്രസ് ഇത്രയും സമയം എടുക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇത് തന്നെ തോൽവിയുടെ ലക്ഷണമാണ്’ -സ്മൃതി ഇറാനി പറഞ്ഞു.
നേരത്തെ രാഹുൽ വയനാട്, അമേഠി മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക തയാറാക്കുന്ന തിരക്കിലാണ് കോൺഗ്രസ്. വ്യാഴാഴ്ച ആദ്യഘട്ട പട്ടിക പുറത്തു വിട്ടേക്കാം. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ റായ്ബറേലിയിൽ ഇതു വരെ സോണിയാ ഗാന്ധിയാണ് മത്സരിച്ചിരുന്നത്.
ഇത്തവണ സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രിയങ്കയുടെ ആദ്യസ്ഥാനാർഥിത്വം കോൺഗ്രസിന് ഉറപ്പുള്ള മണ്ഡലത്തിൽ നിന്നു തന്നെയായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പായിരുന്നു. റായ്ബറേലിയിലെ സ്ഥാനാർഥിയെ ബിജെപി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.
കോൺഗ്രസിന്റെ മറ്റൊരു ഉരുക്കു കോട്ടയായിരുന്ന അമേഠി കഴിഞ്ഞ തവണ ബിജെപി പിടിച്ചടക്കിയിരുന്നു. ഇത്തവണയും അമേഠിയിൽ സ്മൃതി ഇറാനി തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സ്മൃതിക്ക് 4,68,514 വോട്ട് ലഭിച്ചപ്പോൾ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ