ദുബായ് ∙ കേരളത്തിലെ പ്രമുഖ ബിൽഡിങ് ബ്രാൻഡായ കോൺഫിഡന്റ് ഗ്രൂപ്പ് വൻകിട പാർപ്പിട പദ്ധതികളുമായി ദുബായിൽ. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി, ഉടമയ്ക്ക് ആദ്യ യൂണിറ്റ് കൈമാറിയാണ് ഗ്രൂപ്പിന്റെ ദുബായ് വരവ് പ്രഖ്യാപിച്ചത്. ദുബായ് ലിവാൻ കമ്യൂണിറ്റിയിലാണ് കോൺഫിഡന്റിന്റെ ആദ്യ പാർപ്പിട സമുച്ചയം. കെട്ടിടത്തിലെ 70% യൂണിറ്റുകളും വിറ്റതായി ചെയർമാൻ ഡോ. സി.ജെ. റോയിയും മകനും ദുബായ് ഡിവിഷൻ മേധാവിയുമായ രോഹിത് റോയിയും പറഞ്ഞു.
കോൺഫിഡന്റ് ലാൻകാസ്റ്റർ എന്നാണ് സമുച്ചയത്തിന്റെ പേര്. രാജ്യാന്തര വിമാനത്താവളം അടക്കം ദുബായിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് വളരെ വേഗത്തിൽ എത്താം എന്നതാണ് ലിവാൻ കമ്യൂണിറ്റിയുടെ പ്രത്യേകത. വരാൻ പോകുന്ന 5 പാർപ്പിട പദ്ധതികളും സി.ജെ. റോയ് പ്രഖ്യാപിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ വൺ, ടൂ ബെഡ് റൂം യൂണിറ്റുകളാണ് നിർമിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിലേക്ക് ദുബായിൽ നിന്ന് വൻകിട നിക്ഷേപവും കമ്പനി പ്രതീക്ഷിക്കുന്നു.
മുഴുവൻ സമയ സെക്യൂരിറ്റി, പാർക്കിങ്, സ്വിമ്മിങ് പൂൾ, ജിം, സ്പാ, സിനിമ ഹാൾ, പാർട്ടി റൂം, ബാർബിക്യു ഏരിയ, ഇൻഡോർ ഗെയിംസ് തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ. വാടക നൽകുന്ന പണത്തിന് വീടു സ്വന്തമാക്കാം എന്നതാണ് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന വാഗ്ദാനം. വർഷം 70,000 ദിർഹം വാടക കൊടുക്കുന്നവർക്ക് ആ പണമുണ്ടെങ്കിൽ കമ്പനിയുടെ ഒരു യൂണിറ്റ് സ്വന്തമാക്കാമെന്നും സി.ജെ. റോയ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ