കൊച്ചി: കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ഷിയാസിന് ജാമ്യം ലഭിക്കുന്നത്.
സ്ഥിരം കുറ്റവാളിയാണ് മുഹമ്മദ് ഷിയാസ് എന്നും 62 കേസുകള്‍ പേരിലുണ്ടെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായതാണ് സംഘര്‍ഷമെന്നും ബോധപൂര്‍വ്വം പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോതമംഗലത്തുണ്ടായത് വൈകാരിക വിഷയമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് ഇടപെടാതിരിക്കാനാകില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
അതേസമയം മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നല്കിയ ഹര്‍ജി പരിഗണിച്ചാണ് 16-ാം തിയ്യതി വരെ അറസ്റ്റ് തടഞ്ഞത്.
കോതമംഗലം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് വാഹനം ആക്രമിച്ചുവെന്ന കേസില്‍ മുഹമ്മദ് ഷിയാസിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തുവന്ന ഉടന്‍ ഡിവൈ.എസ്.പിയെ ആക്രമിച്ച കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഓടി കോടതി സമുച്ചയത്തിലേക്ക് കയറിയതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോതമംഗലത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും മാത്യു കുഴല്നാടന് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ