ദുബായ് ∙ എമിറാത്തി കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഒട്ടേറെ സേവനങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ഫാംസ്’ എന്ന പുതിയ പരിപാടി ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഡെവലപ്മെന്റ് ആൻഡ് സിറ്റിസൺസ് അഫയേഴ്സ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഫാംസിന് തുടക്കം കുറിച്ചത്.
ദുബായിയെ ജീവിതാനുഭവങ്ങളുടെ പ്രധാന നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33 ന്റെ ലക്ഷ്യങ്ങളുമായി ഈ പ്രോഗ്രാം സമന്വയിക്കുന്നു. പൗരന്മാരെ ശാക്തീകരിക്കുകയും എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയിലേക്കുള്ള അവരുടെ സംഭാവന വർധിപ്പിക്കുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ദുബായിലെ പ്രാദേശിക കൃഷിയുടെ പ്രാധാന്യവും അത് വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു. എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹനങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് എമിറാത്തി കർഷകരെ പിന്തുണയ്ക്കുന്നതിനായി ‘ദുബായ് ഫാംസ്’ പ്രോഗ്രാം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ദുബായിലെ കൃഷി കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവുമാക്കാനുള്ള ശ്രമങ്ങൾ തുടരും.
കർഷക അസോസിയേഷൻ രൂപീകരിക്കും
കാർഷിക മേഖലയിലെ തൊഴിലുകളുടെ തുടർച്ച ഉറപ്പാക്കുന്നതിന് അമച്വർമാരെയും പ്രഫഷനലുകളെയും ഒരുപോലെ ഉൾക്കൊള്ളുന്ന കർഷക അസോസിയേഷൻ രൂപീകരിക്കാൻ ഷെയ്ഖ് ഹംദാൻ നിർദ്ദേം നൽകി. ദുബായുടെ സുസ്ഥിര ഭാവിയുടെ താക്കോലാണ് കൃഷി. നമ്മുടെ പൗരന്മാരും വരും തലമുറകളും മികച്ച ജീവിതം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
കർഷകർക്ക് വർക്ക് ഷോപ്പുകൾ, റെഗുലർ ലാബ് പരിശോധന, പങ്കാളിത്തം, സാമൂഹിക പിന്തുണ, മറ്റ് പ്രോത്സാഹനങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകാനാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ദുബായ് ഫാംസ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ഇത് ആത്യന്തികമായി ദുബായുടെ സമൃദ്ധിയും ജീവിത നിലവാരവും ഉയർത്തുന്നു. എമിറാത്തി കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പരിപാടി, ഫാമിങ് കൺസൾട്ടേഷൻ സേവനങ്ങൾ, സബ്സിഡിയുള്ള കാർഷിക സാമഗ്രികൾ, ആവശ്യമായ ലാബ് പരിശോധന, കീടനിയന്ത്രണ സേവനങ്ങൾ, പ്രാദേശിക വിപണി ആവശ്യങ്ങൾ നിറവേറ്റാൻ കർഷകർക്ക് നിർദ്ദേശം നൽകൽ എന്നിവ ദുബായ് ഫാംസ് വാഗ്ദാനം ചെയ്യുന്നു.
‘മികച്ച ഹോം ഗാർഡൻ’ മത്സരം, ഗൾഫുഡ് അഗ്രോടെക് പ്രദർശനം, ജനപ്രിയ പഴങ്ങൾ ആഘോഷിക്കുന്നതിനായി അടുത്ത ജൂലൈയിൽ സംഘടിപ്പിക്കുന്ന ‘ലോക്കൽ ഡേറ്റ്സ് വീക്ക്’ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും പ്രോഗ്രാം ആരംഭിക്കും. കാർഷിക സാമഗ്രികൾ, യന്ത്രസാമഗ്രികൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്ക് മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്നതാണ് മറ്റ് ആനുകൂല്യങ്ങൾ. വീട് പൂന്തോട്ടപരിപാലനം, ഹത്ത ഫാമിങ് ഫെസ്റ്റിവൽ, മറ്റ് സീസണൽ കർഷക വിപണി ഇവന്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘പ്ലാൻ്റ് യുവർ ഫുഡ്’ സംരംഭത്തിന്റെ ഓർഗനൈസേഷനും ദുബായ് ഫാംസ് പ്രോഗ്രാമിൽ കാണാം. കർഷകരുടെ കൂട്ടായ്മ ആരംഭിക്കുന്നതിനു പുറമേ, ദുബായ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫാമിങ് പ്ലാറ്റ്ഫോം സാങ്കേതിക വിശദാംശങ്ങൾ നൽകാനും കാര്യക്ഷമത മെച്ചപ്പെടുത്താനും കർഷകർക്കിടയിൽ അവബോധം വളർത്താനും സഹായിക്കും. അടുത്തിടെ നടന്ന ഗൾഫൂഡ് എക്സിബിഷനിൽ, ദുബായ് മുനിസിപ്പാലിറ്റി കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി ജിഎംജിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ