വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ, നിക്കി ഹേലിയെ പിന്നിലാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നേറുന്നു.
സൂപ്പർ ട്യൂസ്ഡെയിൽ നടന്ന പ്രൈമറി വോട്ടെടുപ്പിൽ, 15 സംസ്ഥാനങ്ങളിൽ പത്തിടത്ത് ട്രംപ് വിജയം കരസ്ഥമാക്കി. മറ്റിടങ്ങളിലെ ഫലം വരാനിരിക്കുന്നുണ്ടെങ്കിലും ട്രംപിന് അനുകൂല തരംഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജോ ബൈഡനും ട്രംപും തമ്മില് ഏറ്റുമുട്ടാനുള്ള സാധ്യത വർധിച്ചു.
അർക്കൻസോയിലും കൊളറാഡോയിലും ട്രംപ് ജയിച്ചപ്പോൾ വെർമോണ്ടിൽ നിക്കി ഹേലിക്ക് നേരിയ ലീഡുണ്ട്. ടെക്സസിലും വിർജിനിയയിലും മേൽക്കൈ നേടാനാവുമെന്ന നിക്കി ഹേലിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ചൊവ്വാഴ്ച ട്രംപ് മുന്നേറിയത്.
Read More……
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- കരിങ്കടലിൽ മറ്റൊരു റഷ്യൻ യുദ്ധക്കപ്പൽ കൂടി മുക്കിയതായി യുക്രെയ്ൻ
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
- ലോക്സഭാ തെരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 30 കോടി
ട്രംപിന് 453 ഡെലിഗേറ്റുകളുടെ പിന്തുണയുണ്ട്. നിക്കി ഹേലിയ്ക്ക് 52 ഡെലിഗേറ്റുകളുടെ പിന്തുണ മാത്രമാണ് ഇതുവരെ നേടാനായത്.
മുൻ യുഎൻ അംബാസഡർ കൂടിയായ നിക്കി ഹേലി വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും സ്ഥാനാർഥിത്വത്തിനായുള്ള പോരാട്ടത്തിൽ തുടക്കം മുതൽ ട്രംപിന്റെ മുന്നേറ്റമാണുണ്ടായത്. ജനുവരിയിൽ അയോവ കോക്കസിലെ തിരഞ്ഞെടുപ്പു മുതൽ ട്രംപ് ആധിപത്യം നേടുകയായിരുന്നു.
വിവിധ അഭിപ്രായ സർവേകളിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രീതി നേടാൻ ട്രംപിന് കഴിഞ്ഞതായും റിപ്പോർട്ടുണ്ട്. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.