തിരുവനന്തപുരം: വീടിന് പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് ആശ്വാസമായി ഇനി കുടുംബശ്രീയുടെ ലഞ്ച് ബെൽ. കുടുംബശ്രീയുടെ ഉച്ചഭക്ഷണ വിതരണ പദ്ധതിയായ ലഞ്ച് ബെൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻകൂട്ടിയുള്ള ഓർഡറനുസരിച്ച് സ്റ്റീൽ ചോറ്റുപാത്രങ്ങളിൽ ഉച്ചഭക്ഷണമെത്തിക്കുന്നതാണ് പദ്ധതി.
കുടുംബശ്രീ അംഗങ്ങൾക്ക് സാമ്പത്തിക ശാക്തീകരണത്തോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിതകൾ ഉൾപ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്റെ ആദ്യയാത്രയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്ന കാറ്ററിങ് യൂണിറ്റ് അംഗങ്ങളും ഫുഡ് ഡെലിവറി അംഗങ്ങളും ചേർന്ന് മന്ത്രിയുൾപ്പെടെ വേദിയിലുള്ളവർക്ക് ലഞ്ച് ബോക്സ് കൈമാറി.
വെജ് ഭക്ഷണം 60 രൂപയ്ക്കും നോൺവെജ് ഭക്ഷണം 99 രൂപയ്ക്കുമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകളുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഉച്ചഭക്ഷണ വിതരണം. പോക്കറ്റ് മാർട്ട് എന്ന മൊബൈൽ ആപ്പ് വഴി ഭക്ഷണം ബുക്കുചെയ്യാം. പോക്കറ്റ് മാര്‍ട്ടിൽ കയറി ഓര്‍ഡര്‍ ചെയ്താൽ പിന്നെ പോക്കറ്റും കാലിയാകില്ല. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി, ചമ്മന്തി- 60 രൂപയ്ക്കാണ് കുടുംബശ്രീയുടെ ലഞ്ച് ബോക്സ്. നോൺ വെജ് വിഭവങ്ങൾ കൂടി വേണ്ടവരാണെങ്കിൽ പ്രീമിയം ഊൺ ബുക്ക് ചെയ്യാം. 99 രൂപ കൊടുത്താൽ മതി. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് പോക്കറ്റ്മാർട്ട് വഴിയാണ് ഓർഡറുകൾ ശേഖരിക്കും. ഒരു ദിവസത്തേക്ക് മാത്രമായും ഒരു മാസത്തേക്ക് മുൻകൂട്ടിയും ഉച്ചഭക്ഷണം ബുക്ക് ചെയ്യാം.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 12 വരെ ആദ്യം ബുക്കുചെയ്യുന്ന 50 പേർക്ക് നൂറുശതമാനവും പിന്നീട് ഓർഡർ നൽകുന്ന 50 പേർക്ക് 50 ശതമാനവും വിലക്കുറവിൽ ഊണ് ലഭിക്കും. തുടർന്ന് ഓർഡർ ചെയ്യുന്ന 100 പേർക്ക് 20 ശതമാനവും വിലക്കുറവ് ലഭിക്കും. ഈ മാസം 19 വരെ 20 ശതമാനം വിലക്കുറവിൽ ഊണ് ലഭിക്കും.
ഹരിതചട്ടം പാലിക്കുന്നതിനായി സ്റ്റീൽ ചോറ്റുപാത്രങ്ങളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓർഡർ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളിൽ വിതരണത്തിന് തയ്യാറാകുന്ന പാഴ്‌സൽ ഉച്ചയ്ക്ക് 12നു മുമ്പ് ഓർഡർ ചെയ്ത ആൾക്ക് ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവർത്തന ദിവസങ്ങൾ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങൾ മൂന്നുഘട്ടമായി ഹൈജീൻ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആൾക്ക് ഒരേ ലഞ്ച് ബോക്‌സ് തന്നെ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവർത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യും. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ശ്രീകാര്യത്താണ് പ്രത്യേകം അടുക്കള തയ്യാറാക്കിയിട്ടുള്ളത്. പരിശീലനം നേടിയ പത്ത് പേരുണ്ട് പാചകക്കാരായി. ഊണെത്തിക്കാൻ പത്തു പേർ വേറെയും. തലേന്നോ രാവിലെ പരമാവധി ഏഴ് മണിവരെയോ ഓര്‍ഡര്‍ നൽകാം. രാവിലെ പത്തിന് ഊണ് റഡിയാകും. 12 ന് മുമ്പെ ഊണെത്തിക്കും. സ്റ്റീൽ പാത്രങ്ങളിലാണ് വിതരണം. രണ്ടു മണിക്കു ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീ പ്രവർത്തകർതന്നെയെത്തും. ആദ്യഘട്ടത്തിൽ തലസ്ഥാനത്താണ് പദ്ധതി ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ്ഭവൻ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുക. വിജയകരമായാൽ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.