തിരുവനന്തപുരം: കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലേക്ക് മാറുന്ന ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ മേയ് 15 മുതൽ നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശന പരീക്ഷ പരിഷ്കരണ സമിതി യോഗം ശിപാർശ ചെയ്തു. പരീക്ഷക്ക് മാർച്ച് 20 മുതൽ ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്ന രീതിയിൽ വിജ്ഞാപനമിറക്കും. അപേക്ഷകരുടെ എണ്ണംകൂടി പരിഗണിച്ചാകും എത്ര ദിവസങ്ങളിലായി പരീക്ഷ നടത്തണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ ഏഴുമുതൽ പത്തുവരെ ദിവസം ഇതിന് േബ്ലാക്ക് ചെയ്തിടാനാണ് ധാരണ.
നിലവിൽ മേയ് 15 മുതൽ 31 വരെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സി.യു.ഇ.ടി പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേയ് 15 മുതൽ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താൻ ധാരണ. സി.യു.ഇ.ടി പരീക്ഷ തീയതിയിൽ മാറ്റമില്ലെങ്കിൽ അതിനനുസൃതമായി എൻജിനീയറിങ് പ്രവേശന പരീക്ഷ തീയതിയിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം സർക്കാർതലത്തിലെടുക്കും.
140ഓളം സെന്ററുകളാണ് പരീക്ഷ നടത്തിപ്പിനായി സി-ഡിറ്റ് സഹായത്തോടെ കണ്ടെത്തിയത്. ഇവ മിക്കതും എൻജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളുമാണ്. പ്രതിദിനം 22,000 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ എണ്ണവും സെന്ററുകളുടെ ലഭ്യതയും അനുസരിച്ചാകും എത്ര ദിവസം പരീക്ഷ നടത്തണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക. പ്രധാനഘട്ടത്തിൽ മൂന്ന് റൗണ്ട് കൗൺസിലിങ് രീതി തുടരും. ഒഴിവുവരുന്ന സംവരണ സീറ്റുകൾ മൂന്നാം റൗണ്ടിൽ ജനറൽ സീറ്റുകളാക്കി മാറ്റും.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ