നെടുമ്പാശേരി:ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിനുള്ളിലെ മുറിയിൽ മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെ.എസ്.സാബുവിനെയാണ് (ശ്രീഹരി–44) മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യാർഥം അടുവാശേരിയിൽ വാടക വീടും സാബുവിന് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി സാബു മാത്രം ഈ വീട്ടിലായിരുന്നു.
പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തിനൊപ്പം മകൻ ക്ഷേത്രത്തിലെത്തി അന്വേഷിച്ചപ്പോഴാണ് പൈപ്പിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്. സാബുവിന്റെ ഭാര്യ: സരിത. മകൻ: അഭിഷേക്. ക്ഷേത്രത്തിലെ സ്വർണം കാണാനില്ലെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികൾ ചെങ്ങമനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നരയാഴ്ച മുൻപായിരുന്നു ക്ഷേത്രത്തിലെ ഉത്സവം.
ഉത്സവ നാളുകളിൽ ദേവിക്ക് ചാർത്തുന്നതിനുള്ള 12 പവൻ വരുന്ന തിരുവാഭരണം മേൽശാന്തിയുടെ പക്കലായിരുന്നു. ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികൾക്ക് തിരികെ നൽകിയിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോൾ ഇന്നലെ മടക്കി നൽകാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
Read more ….
- 2 മാസത്തെ ആസൂത്രണം:ആസിഡ് വാങ്ങിയത് ഓൺലൈൻ വഴി:ആക്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ
- ഒൻപതുവയസ്സുകാരിയുടെ മൃതദേഹം ഓടയിൽ:ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിൽ
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
പരിശോധനയിൽ ശ്രീകോവിലിൽ പ്രത്യേക ബോക്സിൽ സൂക്ഷിക്കാറുള്ള തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒന്നര പവൻ തൂക്കമുള്ള നെക്ലേസ് പെട്ടിയിൽ കണ്ടെത്തിയെങ്കിലും പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതോടെയാണ് തിരുവാഭരണം ഉൾപ്പെടെ 13.5 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയത്.