ദുബായ് ∙ റമസാനിൽ ഭിക്ഷാടനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് ദുബായ് പൊലീസ്. നിയമലംഘകർക്ക് 3 മാസം തടവും 5000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. 4 വർഷത്തിനിടെ 487 വനിതകൾ ഉൾപ്പെടെ 1700 യാചകരെ പിടികൂടിയിരുന്നു. റമസാനിൽ ജനങ്ങളുടെ ഉദാര മനസ്സ്കത ചൂഷണം ചെയ്യാൻ എത്തുന്നവർക്കെതിരെ 13 മുതൽ ദുബായിൽ പ്രത്യേക ക്യാംപെയിൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. ഭിക്ഷാടനം ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചുവരികയാണ്. സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഭിക്ഷാടനത്തിന് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരുന്നവർക്ക് 6 മാസം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഹൈടെക് ഭിക്ഷാടനവും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ സൈബർ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. അംഗീകൃത ലൈസൻസ് ഇല്ലാതെ ധനസമാഹരണം നടത്തുന്നവർക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. സമൂഹമാധ്യമം ഉൾപ്പെടെ ഇതിനായി ഉപയോഗിച്ച വെബ്സൈറ്റുകളും അക്കൗണ്ടുകളും റദ്ദാക്കുകയും വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും.
∙ വേണ്ട, യാചകർക്ക് പ്രോത്സാഹനം
ഭിക്ഷാടകർക്ക് പണം നൽകി യാചന പ്രോത്സാഹിപ്പിക്കരുതെന്ന് താമസക്കാരോട് അഭ്യർഥിച്ചു. ജീവകാരുണ്യത്തിനും മറ്റും സഹായം നൽകാൻ ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കാനും നിർദേശിച്ചു. അംഗീകൃത ചാരിറ്റബിൾ സംഘടനകളിലൂടെയും സ്ഥാപനങ്ങളിലൂടെയും സംഭാവനകൾ നൽകിയാൽ അർഹരിലേക്ക് എത്തിയെന്ന് ഉറപ്പാക്കാമെന്നും പൊലീസ് പറഞ്ഞു.
∙ ബോധവൽക്കരണം
ഡിസ്പ്ലേ ബോർഡ് വഴിയും എടിഎം സ്ക്രീനിലും വിവിധ ഷോപ്പിങ് മാൾ, സൂപ്പർ–ഹൈപ്പർമാർക്കറ്റ് വഴിയും ആരാധനാലയങ്ങൾ മുഖേനയും ഭിക്ഷാടനത്തിനെതിരെ ബോധവൽക്കരണം നടത്തും.
∙ വിവരം അറിയിക്കാം
താമസസ്ഥലത്തോ കടകൾക്കോ ആരാധനാലയങ്ങൾക്കോ സമീപത്ത് ആരെങ്കിലും ഭിക്ഷാടനം നടത്തുന്നതായി കണ്ടാൽ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസ് അഭ്യർഥിച്ചു. ദുബായ് പൊലീസ് ആപ്പ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ പരാതിപ്പെടാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ