കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. സിദ്ധാർത്ഥനെ കൊന്ന് കെട്ടി തൂക്കിയെന്നാണ് പഞ്ചായത്ത് മെംബറുടെ ആരോപണം.
വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിദ്ധാർത്ഥൻ്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും ജ്യോതിഷിൻ്റെ പ്രതികരണം. ശുചിമുറിയിൽ രണ്ട് എസ്എഫ്ഐ
പ്രവർത്തകർ കയറിയെന്നും മറ്റോരാൾ വാതിൽ ചവിട്ടി പൊളിച്ചെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി തന്നോട് വെളിപ്പെടുത്തിയതായി ജ്യോതിഷ് കുമാർ പറഞ്ഞു.
സിദ്ധാർത്ഥൻ്റെ മൃതദേഹം കാണാൻ പോയപ്പോൾ സിദ്ധാർത്ഥൻ്റെ കഴുത്തിലോ സമീപത്തോ തൂങ്ങി എന്നു പറഞ്ഞ മുണ്ട് കണ്ടില്ലെന്ന് പഞ്ചായത്തംഗം പറഞ്ഞു. ഇത് സിഐയോട് സൂചിപ്പിച്ചപ്പോൾ അത് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ എവിടെയും വന്നില്ലെന്ന് ജ്യോതിഷ് പറഞ്ഞു. സിദ്ധാർത്ഥൻ്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സ്ട്രെക്ചറിൽ രക്തത്തിൻ്റെ അംശം കണ്ടെന്ന് ചോദിച്ചപ്പോൾ വളരെ വേഗത്തിൽ ആംബുലൻസിൽ മൃതശരീരം പോയെന്ന് ജ്യോതിഷ് പറയുന്നു.
സിദ്ധാർത്ഥൻ്റേത് കൊലപാതകമാണെന്ന് തെളിയിക്കാതിരിക്കാൻ ശുചിമുറിയിൽ കെട്ടിത്തൂക്കിയ ശേഷം ശുചിമുറിയിൽ രണ്ടു എസ്എഫ്ഐ പ്രവർത്തകർ കയറി വാതിലടച്ചു. പുറത്തുനിന്ന് അഞ്ചോളം എസ്എഫ്ഐക്കാർ വാതിൽ ചവിട്ടിപൊളിച്ചാണ് ആത്മഹത്യചെയ്തത്. ഇത് പറഞ്ഞത് കോളേജിലെ വിദ്യാർത്ഥികളാണെന്നും ജ്യോതിഷ് പറഞ്ഞു.
സിദ്ധാർത്ഥൻ വാ വിട്ട് നിലവിളിക്കുന്നത് ഹോസ്റ്റലിന് താഴെയുള്ള ഫാം ഹൗസിലുള്ള തൊഴിലാളികൾ കേട്ടിരുന്നു. എന്നാൽ അങ്ങോട്ട് പോകാൻ ഒരു തൊഴിലാളിക്കും കഴിയില്ല. എസ്എഫ്ഐക്കാർ തടയും. ജ്യോതിഷ് പറഞ്ഞു. സിദ്ധാർത്ഥൻ്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ പ്രേമനൈരാശ്യമുണ്ടെന്ന് സംശയമുണ്ടെന്ന് ഡീൻ തന്നോട് പറഞ്ഞെന്ന് ജ്യോതിഷ് വെളിപ്പെടുത്തി.