കുവൈത്ത് സിറ്റി ∙ പ്രവാസ ലോകത്ത് കായിക മേഖലയിൽ ലോകോത്തര നിലവാരമുള്ള സ്പോർട്സ് താരമാകുന്ന അപൂർവം വ്യക്തികളിൽ ഒരാളായി ശരണ്യ. കുവൈത്തിലെ ഷൂട്ടിങ് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ചാംപ്യൻഷിപ്പും കരസ്ഥമാക്കിയതോടെയാണ് ഇന്ത്യൻ സമൂഹത്തിൽ കലാരംഗത്തും അധ്യാപന മേഖലയിലും അറിയപ്പെട്ടിരുന്ന ശരണ്യക്ക് കായിക രംഗത്ത് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.
2023 ലെ ഷോട്ട്ഗൺ ഇന്ത്യ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഇന്ത്യൻ ഷൂട്ടിങ് താരങ്ങളുടെ പട്ടികയിലും ശരണ്യ ഇടം പിടിച്ചു. ഇന്ത്യൻ കുപ്പായത്തിൽ ഒളിംപിക്സ് സ്വർണസ്വപ്നവുമായി പരീശീലനം തുടരുന്ന ശരണ്യ ശുഭപ്രതീക്ഷയിലാണ്. തമിഴ്നാട്ടുകാരിയെങ്കിലും പാതി മലയാളി ആണ് എന്നുപറയുന്നതിൽ അതിശയോക്തിയില്ല കാരണം തൃശൂരിൽ ആയിരുന്നു ശരണ്യയുടെ കുട്ടിക്കാലം. കൂടാതെ സ്ഥിരതാമസം എറണാകുളത്തുമാണ്.
∙ കോയമ്പത്തൂരിൽ കണ്ടെത്തിയ ഷൂട്ടിങ് അഭിരുചി
കോളജ് കാലഘട്ടത്തിൽ കോയമ്പത്തൂരിൽ പഠിക്കുമ്പോൾ പൊലീസ് ഗ്രൗണ്ടിലൂടെ കടന്ന് പോയിരുന്ന ശരണ്യക്ക് ഷൂട്ടിങ്ങിൽ അഭിരുചി ഉണ്ടാകുന്നത് അവിടത്തെ സാഹചര്യങ്ങളിൽ നിന്നാണ്. സ്റ്റുഡന്റസ് കാറ്റഗറിയിൽ കോയമ്പത്തൂർ റൈഫിൾ ക്ലബിൽ വിദ്യാർഥികൾക്ക് പരിശീലനത്തിന് അവസരം ഉണ്ടെന്നു മനസിലാക്കി പരിശീലനം തുടങ്ങി. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തലത്തിലേക്ക് അത് വളർന്നില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും തുടർന്ന് വിവാഹവും ഷൂട്ടിങ് പരിശീലനം നിർത്തുന്നതിന് കാരണമായി. 2007 ലാണ് ശരണ്യ ഭർത്താവിനോപ്പം കുവൈത്തിൽ എത്തുന്നത്. തുടക്കത്തിൽ ഒരു ഐടി സ്ഥാപനത്തിൽ എച്ച്ആർ എക്സിക്യൂട്ടീവായി ജോലി ചെയ്തു. എന്നാൽ 2010 -ൽ മകൾ ജനിച്ചതോടെ 2017 വരെ കരിയർ ബ്രേക്ക് എടുത്തു.
∙ ഒരു സദാചാര കാല പ്രണയം
2017-ൽ യാദൃച്ഛികമായി ബർഗ്മാൻ തോമസ് സംവിധാനം ചെയ്ത ‘ഒരു സദാചാര കാല പ്രണയം’ എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തി. ഈ നാടകം ഒരു വഴിത്തിരിവായിരുന്നു തുടർന്ന് കുറെ നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. തോപ്പിൽ ഭാസി രാജ്യാന്തര നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ലഭിച്ചതും അഭിനയ കലയിൽ പ്രചോദനമായി. ഈ കാലത്ത് തന്നെ കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ ബ്രാഞ്ചിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ് അധ്യാപകയായി ജോലി ലഭിച്ചു. നിലവിൽ, സീനിയർ സെക്കൻഡറി സൂപ്പർവൈസറായി ജോലിയിൽ തുടരുന്നു.
∙ പത്രവാർത്തയിലൂടെ കുവൈത്തിലെ ഷൂട്ടിങ്ങിലേക്ക്
2017-ൽ തന്നെ ഒരു സുഹൃത്ത് പ്രാദേശിക പത്രത്തിൽ വന്ന ലേഖനം അയച്ചു നൽകിയതിൽ നിന്നാണ് പ്രവാസി സ്ത്രീകൾക്ക് കുവൈത്തിൽ ഷൂട്ടിങ് മേഖലയിൽ പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയുമുണ്ടെന്ന് മനസിലാക്കി. അവസരത്തെക്കുറിച്ച് താൻ ബോധവതി ആയി എന്ന് ശരണ്യ പറയാൻ കാരണം കോളജ് കാലഘട്ടത്തിലെ കോയമ്പത്തൂർ റൈഫിൾ ക്ലബിൽ നിന്ന് ലഭിച്ചിരുന്ന പരിശീലന ഓർമയിലാണന്നും ശരണ്യ പറയുന്നു. 2017 ഡിസംബറിൽ ഷൂട്ടിങ് റേഞ്ചിലേക്ക് പോയെങ്കിലും ആദ്യം ഷൂട്ടർമാരെ മാത്രമേ അനുവദിക്കൂ എന്നതിനാൽ പ്രവേശനം ലഭിച്ചില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഷൂട്ടിങ്ങിന് അവസരം ലഭിച്ചപ്പോൾ കോളജ് കാലഘട്ടത്തിലെ കോയമ്പത്തൂർ റൈഫിൾ ക്ലബിലെ അതേ സ്ഥിരത തനിക്കുണ്ടെന്ന് മനസ്സിലാക്കിയതായും 2018-ൽ ക്യു 8 ഷൂട്ടിങ് കോംപ്ലക്സ് എന്ന് വിളിക്കപ്പെടുന്ന മെയ്ദീൻ ഷൂട്ടിങ് റേഞ്ചിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു.
മുഖ്യ പരിശീലകനായ ഒമർ അൽ അൻസാരിയും മറ്റ് പരിശീലകരും മികച്ച പിന്തുണയാണ് നൽകിയത്. വാർഷിക ചാംപ്യൻഷിപ്പായ അൽ കന്ദരി ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി, 50 മീറ്റർ സ്നിപ്പർ 22 കാറ്റഗറിയിൽ ചാമ്പ്യൻഷിപ്പും ഒന്നാം സമ്മാനവും നേടിയാണ് ശരണ്യ വിജയം വരിച്ചത്. കുവൈത്ത് ഷൂട്ടിംഗ് മത്സരത്തിൽ ആദ്യമായി ഒരു പ്രവാസി വനിതാ വിജയിയായി എന്ന റെക്കോർഡ് ആണ് ഇതിലൂടെ ശരണ്യയെ തേടി എത്തിയത്.
കൊവിഡ് കാലഘട്ടത്തിൽ ചെറിയ ഇടവേള എടുത്തതിന് ശേഷം മുഅത്ത് അൽറാഷിദ് എന്ന ഔദ്യോഗിക പരിശീലകനൊപ്പം വീണ്ടും ഷൂട്ടിങ് പരിശീലിക്കാൻ തുടങ്ങി, കൂടാതെ ഇന്ത്യയിലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 2023 ലെ ഷോട്ട്ഗൺ ഇന്ത്യ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയതോടെ ഷൂട്ടറായി പ്രശസ്തി നേടി. അടുത്തിടെ, 2024 ലെ പ്രവാസി തമിഴ് ദിനത്തിൽ കായിക രംഗത്തെ നേട്ടങ്ങൾക്ക് തമിഴ്നാട് സർക്കാർ ശരണ്യക്ക് പുരസ്കാരം നൽകി ആദരിച്ചു. മഹാകവി കണ്ണിയൻ പൂങ്കുന്ദ്രനാരുടെ പേരിലാണ് അവാർഡ് സമ്മാനിച്ചത്. ഇതു കൂടാതെ നിരവധി അവാർഡുകളാ ണ് ശരണ്യക്ക് ലഭിച്ചിട്ടുള്ളത്.
കുവൈത്തിൽ ചിത്രീകരിച്ച ഒരു ഫീച്ചർ ഫിലിം ഉൾപ്പെടെ പത്തോളം ഹ്രസ്വചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. “മബ്രൂക്ക്” എന്ന പേരിൽ ഷോർട്ട് ഫിലിം സംവിധാനവും ചെയ്തു. ഈ ചിത്രത്തിന് വിവിധ മേളകളിൽ നിന്ന് പുരസ്കാരവും ലഭിച്ചിട്ടുണ്ട് . കുവൈത്തിൽ കുടുംബമായി കഴിയുന്ന ശരണ്യയുടെ ഭർത്താവ് മഹേഷ് ശെൽവരാജൻ. മകൾ അനന്യ ശ്രീ. എറണാകുളത്താണ് സ്ഥിരതാമസം.
മികച്ച ഷൂട്ടർ എന്ന് പേരെടുത്ത ശരണ്യ അഭിനയം, സംവിധാനം, റേഡിയോ ജോക്കി എന്നീ നിലകളിലും കുവൈത്തിൽ അറിയപ്പെടുന്ന താരമാണ്. അടുത്ത ഒളിംപിക്സിൽ ഇന്ത്യക്കായി ഷൂട്ടിങ്ങിൽ മത്സരിക്കാനുള്ള കഠിന പരിശീലനത്തിൽ ആണ് താൻ ഇപ്പോൾ ശ്രദ്ധവയ്ക്കുന്നതെന്ന് ശരണ്യ പറഞ്ഞു. പ്രവാസ ലോകത്ത് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോയാൽ കായികരംഗത്തും താരമാകാം എന്നതിന് പ്രത്യക്ഷ ഉദാഹരണമാകുകയാണ് ശരണ്യ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ