കോഴിക്കോട്: കക്കയത്ത് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. മരിച്ച ഏബ്രഹാമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിലായതിനാലാണു സംഭവസ്ഥലത്തെത്താൻ സാധിക്കാതിരുന്നത്. വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തും. നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘‘ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി നടപടികൾ ഊർജിതമാക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. 48 മണിക്കൂറിനകം തന്നെ സഹായധനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിരീക്ഷണം ശക്തമാക്കാൻ കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്. സ്ഥിരം സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. സർക്കാർ എത്രയും വേഗത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കും’’– മന്ത്രി അറിയിച്ചു.
കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും സ്ഥലത്ത് ജില്ലാ കളക്ടർ എത്തണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ദിവസങ്ങളായി കക്കയം ഡാമിന്റെ പരിസരത്തുണ്ടായിരുന്ന കാട്ടുപോത്തിനെ പിടികൂടാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ച് കക്കയം ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
കൃഷിയിടത്തില്‍ വച്ചായിരുന്നു പാലാട്ടി ഏബ്രഹാം (69)നെ കാട്ടുപോത്ത് ആക്രമിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. ഏബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അതേസമയം, പ്രദേശത്ത് നിരന്തരം കാട്ടുപോത്ത് ഇറങ്ങാറുണ്ടെന്നു പരിസരവാസികൾ പറഞ്ഞു. ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു മടുത്തു. നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള സംവിധാനം പോലും ഇല്ലെന്നു നാട്ടുകാർ ആരോപിച്ചു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും