പത്തനംത്തിട്ട: അടൂർ പരുത്തിപ്പാറയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻ വിള പ്ലാവിളയിൽ വീട്ടിൽ എലിസബത്ത് ബാബു (55) അമ്പതടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണത്. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റിൽ വീണത്.
ഒരു വിധത്തിൽ തൊടിയിൽ പിടിച്ചു കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സമീപത്തെ വീട്ടുകാർ രാത്രിയിൽ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും എവിടെയോ കുട്ടികൾ കരഞ്ഞതാകാമെന്ന് ധരിച്ചു അവരും വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ഒരു തവണ എലിസബത്തിൻ്റെ ഭർത്താവ് ഭാര്യയെ കാണാത്തതിനാൽ കിണറിനു സമീപം വന്നെങ്കിലും കിണറ്റിൽ കിടന്ന എലിസബത്തിനെ കണ്ടില്ല.
തുടർന്ന് ചൊവ്വാഴ്ച ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെ. ശൈലേന്ദ്രനാഥിൻ്റെ സഹായത്തോടെ എലിസബത്തിൻ്റെ ഭർത്താവ് ബാബുവും ബന്ധുക്കളും ചേർന്ന് അടൂർ പോലീസിൽ പരാതി നൽകി. ഉടൻതന്നെ പോലീസ് കേസുമെടുത്തു. പോലീസുകാർ പറഞ്ഞതനുസരിച്ച് വീട്ടുപരിസരത്ത് ശൈലേന്ദ്രനാഥും പഞ്ചായത്തംഗം സൂസൻ ശശികുമാറും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. ഈ സമയം കിണറ്റിൽനിന്ന് ഒരു ശബ്ദം ശൈലേന്ദ്രനാഥിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് വിളിച്ചപ്പോൾ എലിസബത്ത് വിളി കേട്ടു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം എലിസബത്തിനെ രക്ഷപെടുത്തിയത്. നിസ്സാര പരിക്കേറ്റ എലിസബത്ത് ബാബുവിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും