തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയന് ചെയ്യുന്നതിനേക്കാൾ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്യുവിന്റെ സമരവേദിയില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നു രാഹുൽ പരിഹസിച്ചു.
“പൊലീസിനോട് ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം. നാളെയും മറ്റന്നാളും, ഇനിയങ്ങോട്ട് ഈ നിരാഹാര സമരം ഉള്ളിടത്തോളം കാലം ഇവിടെ വിവിധ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉണ്ടാകും. ആ സെക്രട്ടേറിയറ്റ് മാർച്ചുമായി കടന്നുവരുന്ന ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നാണു പൊലീസുകാർ വിചാരിക്കുന്നതെങ്കിൽ അവരോട് ഒരു കാര്യം പറയാം. ഞങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണ്. അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ ആ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഞങ്ങൾ ഒരു വരവങ്ങ് വരും. ഞങ്ങളുടെ സഹപ്രവർത്തകരെ സംരക്ഷിക്കാൻ. ആ വരവ് നിങ്ങളൊന്നും താങ്ങത്തില്ല.
അതുകൊണ്ട് നോക്കീം കണ്ടും നിങ്ങൾ ക്രമസമാധാന പാലനം നടത്തിയാൽ മതി. രാജാവിനേക്കാൾ വലിയ രാജഭക്തിയൊന്നും ഇവിടെ ഒരു പൊലീസ് ഏമാനും കാട്ടേണ്ടതില്ല. ഇന്ന് കെഎസ്യുക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ ഞങ്ങൾ അവരെ മടക്കി വിളിച്ചതാണ്. അല്ലാതെ ആ പീറ ജലപീരങ്കിയും പൊലീസുകാരുടെ പീറ ലാത്തിയും ഷീൽഡും കണ്ട് തിരിച്ചുപോരുന്നവല്ല ഈ യുവാക്കൾ. എല്ലാ ദിവസവും ഇങ്ങനെ മടക്കിവിളിക്കുമെന്ന ധാരണ വേണ്ട.’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും