തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി കെ. രാജന് വനം വകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലായതാണ് കാരണമെന്നാണ് സൂചനകൾ.
ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹവുമായി കോതമംഗലത്ത് അരങ്ങേറിയ പ്രതിഷേധം പൊലീസ് അടിച്ചമർത്തിയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് ഒരു കർഷകനും കൊലപ്പെട്ടു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. അതിരപ്പിള്ളിയിൽ വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സയെ (68) വൈകുന്നേരം കാട്ടാന ചവിട്ടിക്കൊന്നു.
















