കടംകേറി മുടിയുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് കെ.ടി.ഡി.സിയും ചുവടുവെയ്ക്കുന്നു. മാനേജ്‌മെന്റിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇതിന് പ്രധാന കാരണമെന്ന ആരോപണം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നു കഴിഞ്ഞു. വരവിനേക്കാള്‍ ചെലവും ധൂര്‍ത്തും വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ നേരിട്ടോ, ടൂറിസം വകുപ്പ് അല്ലാതെയോ കൃത്യമായൊരു ഓഡിറ്റിംഗിന് വിധേയമാക്കിയില്ലെങ്കില്‍ സമീപ ഭാവിയില്‍ കെ.ടി.ഡി.സിക്ക് പൂട്ടു വീഴുമെന്നുറപ്പായിക്കഴിഞ്ഞു. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ പോലും മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കെ.ടി.ഡി.സിയുടെ സ്ഥാപനങ്ങളും ഹോട്ടലുകളും സര്‍വ്വ സജ്ജമാക്കേണ്ടത്, ജീവനക്കാരാണ്.
വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ കണ്ടും അറിഞ്ഞും സംതൃപിതിയോടെ മടങ്ങുമ്പോള്‍, അവര്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ടൂറിസം മേഖലയിലെ ജീവനക്കാര്‍ കരയുകയാണ്. കുടുംബം നോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലേക്ക് അവരുടെ ജീവിതങ്ങള്‍ മാറിക്കഴിഞ്ഞു. ഇത് സര്‍ക്കാരും ടൂറിസം വകുപ്പും കാണണമെന്ന അപേക്ഷയാണ് ജീവനക്കാര്‍ക്കുള്ളത്. കെ.ടി.ഡി.സിയില്‍ വരുന്ന സമ്പത്തും, സര്‍ക്കാര്‍ ബജറ്റിലൂടെയും അല്ലാതെയും അനുവദിക്കുന്ന ഫണ്ടുകളും ചെലവഴിക്കുന്നതില്‍ യാതൊരു മാനദണ്ഡങ്ങളോ വ്യക്തതയോ ഇല്ലാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്.
ഒന്നിന് പത്തായി ചെലവഴിക്കുന്ന മാനേജ്‌മെന്റിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ വലിയ പ്രതിസന്ധിയിലേക്കാണ് കെ.ടി.ഡി.സിയെ കൊണ്ടുപോകുന്നത്. കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ആസ്തി വെച്ചു നോക്കിയാല്‍ വലിയ പ്രസ്ഥാനമാണ് കെ.ടി.ഡി.സി. എന്നാല്‍, മാനേജ്‌മെന്റിന്റെ അനധികൃത ഇടപെടലുകളും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാം തകിടം മറിക്കുന്നുണ്ട്. മസ്‌ക്കറ്റ് ഹോട്ടലില്‍ 10 കോടിക്കുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതിന്റെ 40 ശതമാനം പൂര്‍ത്തിയാകും മുമ്പ് തന്നെ ഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ചിരിക്കും.
ബാക്കി 60 ശതമാനത്തിനായി കെ.ടി.ഡിസിയിലേക്ക് വരുന്ന ഫണ്ടുകള്‍ വകമാറ്റി ചെലവാക്കുകയാണ് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യാനോ, ഓഡിറ്റ് നടത്താനോ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.വകുപ്പിലെ പത്തു വര്‍ഷം കഴിഞ്ഞ താത്ക്കാലിക ജീവനക്കാര്‍ക്ക് ഇപ്പോഴും ശമ്പളം 10,000 രൂപ തന്നെയാണ്. ഇതിനു പോലും മാറ്റം ഉണ്ടായിട്ടില്ല. വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ വാങ്ങുന്ന ശമ്പളം 2014 പേ റിവിഷനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. കാലാനുസൃതമായി ഇതിനും വ്യത്യാസമുണ്ടായിട്ടില്ല. മൂന്നു മാസം മുമ്പ് ടൂറിസം മന്ത്രിക്ക് ജീവനക്കാര്‍ വിശദമായ നിവേദനം നല്‍കിയിരുന്നു. കൂടാതെ, ടൂറിസം വകുപ്പിന്റെ ആസ്ഥാനത്ത് ധര്‍ണ്ണയും നടത്തി.
ടൂറിസം മേഖലയിലെ ജീവനക്കാരുടെ സംഘടനകളെല്ലാം ധര്‍ണ്ണയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും കണ്ണുതുറക്കാത്ത വകുപ്പ് അധികൃതര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നാണ് ജീവനക്കാരുടെ പരിഭവം. ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് പോകേണ്ട കെ.ടി.ഡി.സിയെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലാക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്. കോവിഡ് കാലത്ത് തടഞ്ഞുവെച്ച ശമ്പളം ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ല. ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവെച്ചതു മൂലം ആകെ കഷ്ടത്തിലായിരിക്കുകയാണ് എല്ലാവരും.
പക്ഷെ, നിലവിലെ സാഹചര്യത്തില്‍ ശമ്പളത്തിന്റെ കാര്യം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രശ്‌നമാണ്. അതുകൊണ്ട് കെ.ടി.ഡി.സിയുടെ പ്രശ്‌നം മാത്രം പരിഹരിക്കണമെന്ന് പറയാനുമാകില്ല. എന്നാല്‍, കെ.ടി.ഡി.സിയിലെ സാമ്പത്തിക അച്ചക്കമില്ലായ്മയ്ക്ക് അറുതി വരുത്താന്‍ സര്‍ക്കാരിന് സാധിക്കും. ധന വകുപ്പോ, ടൂറിസം വകുപ്പോ ഇതിന് മുന്‍കൈയ്യെടുക്കണം. സാമ്പത്തിക ക്രമക്കേടു നടക്കുന്നുണ്ടോയെന്നും സംശയമുണ്ട്. ഇതേക്കുറിച്ച്, സമഗ്രമായ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാകണം. പലരീതിയിലും കെ.ടി.ഡി.സിയില്‍ സാമ്പത്തിക ചര്‍ച്ച ഉണ്ടാകുന്നുണ്ട്..
ചോര്‍ച്ചയുണ്ടാകുന്നതിന് പ്രധാന കാരണം, മാനേജ്‌മെന്റിന്റെ കെടുകാര്യസ്തതയാണ്. ഇത് ചോദ്യം ചെയ്യാന്‍ മറ്റാരുമില്ലെന്നതും ചോര്‍ച്ചയുടെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിലായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ കൂടാതെ വിശ്രമ മന്ദിരങ്ങള്‍ എന്നിവ കെ.ടി.ഡി.സി നടത്തുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചൈത്രം, സമുദ്ര തമരിന്‍സ് എന്നിവ. ചെന്നയില്‍ റെയിന്‍ ഡ്രോപ്‌സ് എന്ന സത്രമുണ്ട്. ഇന്ത്യയില്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടല്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. മൂന്ന് പ്രധാന ഫ്‌ളാഗ് ഷിപ് സ്ഥാപനങ്ങളാണ് ബോള്‍ഗാട്ടി പാലസ്, മസ്‌ക്കറ്റ് ഹോട്ടല്‍ പെരിയാര്‍ റിസോര്‍ട്ട് എന്നിവ. ചെലവു കുറഞ്ഞ ഹോട്ടല്‍ പദ്ധതിയാണ് തമരിന്റ് ഈ സി. വകുപ്പ് അടുത്തിടെ ആരംഭിച്ച ക്ലോക് റൂം സംവിധാനം ആണ് ടേക് എ ബ്രേക്ക്. ഇത് ജനകീയ പദ്ധതി ആയിരുന്നു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ