ജിദ്ദ: കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ‘പ്രത്യാശയുടെ അത്ഭുതഗോപുരം’ എന്ന പുസ്തകം ജിദ്ദ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ പ്രകാശനം ചെയ്തു. തന്റെ 34മത്തെ വയസ്സിൽ കോഴിക്കോട്ടെ കച്ചവടസ്ഥാപനത്തിൽ നിന്നും പയ്യോളിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ശക്തമായ കാറ്റിലും മഴയിലും സഞ്ചരിച്ചിരുന്ന ജീപ്പിനു മുകളിൽ ഒരു തെങ്ങ് കടപുഴകിവീഴുകയും കാട്ടുകണ്ടി കുഞ്ഞബ്ദുല്ലക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
കഴുത്തിനു താഴോട്ട് തളർന്നു പോയ തന്റെ ജീവിതത്തെ പരമാവധി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അപകടം പറ്റി ആറു വർഷത്തിനു ശേഷം പേന പിടിക്കാൻ കഴിയാതെ പോയ കൈയിൽ ഉൾക്കരുത്തു കൊണ്ടും നിരന്തരപരിശ്രമം കൊണ്ടും പേന പിടിപ്പിക്കുകയും മറവിയുടെ ലോകത്തായിപ്പോയ അക്ഷരങ്ങളെ തിരിച്ചുകൊണ്ടുവന്നതും. തന്റെ ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുമ്പോൾ കൂരിരുട്ടിൽ നിന്നും എഴുത്തിലൂടെ വെളിച്ചത്തെ തേടുകയായിരുന്നു അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്.
അങ്ങനെ 23 വർഷത്തെ അദ്ദേഹത്തിന്റെ ജീവചരിത്രം പൂർണതയിലെത്തി. ഡോ. എൻ.പി ഹാഫിസ് മുഹമ്മദിന്റെ മേൽനോട്ടത്തിൽ അത് എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരണത്തിന് തയാറാവുകയും ചെയ്തു. കോഴിക്കോട്ട് വെച്ച് അബ്ദുസ്സമദ് സമദാനി എം.പി മലബാർ ഗ്രൂപ് ചെയർമാൻ എംപി. അഹമ്മദിന് കോപ്പി നൽകിക്കൊണ്ട് പ്രകാശനവും ചെയ്തു.
പിന്നീട് ഷാർജ പുസ്തകോത്സവത്തിൽ വെച്ചും ദുബൈയിലും ഖത്തറിലും ബഹ്റൈനിലും പുസ്തകം പ്രകാശനച്ചടങ്ങുകൾ സംഘടിപ്പിച്ചു.ജിദ്ദയിൽ നടന്ന പ്രകാശന ചടങ്ങിൽ കുഞ്ഞബ്ദുല്ലയെ മൻസൂർ മൂടാടിയും അദ്ദേഹത്തിന്റെ ഭാര്യ റുഖിയയെ വനിതാവിംങിനു വേണ്ടി ശാലിയാ വഹാബും പൊന്നാട അണിയിച്ചു ആദരിച്ചു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, കോഴിക്കോട് ജില്ല കെ.എം.സി.സി ചെയർമാനും ബിസിനസ് പ്രമുഖനുമായ ലത്തീഫ് കളരാന്തിരിക്ക് നൽകി പുസ്തക പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് ഹനീഫ മൊയ്തു അധ്യക്ഷത വഹിച്ചു.
പുസ്തക രചയിതാവ് കാട്ടുകണ്ടി കുഞ്ഞബ്ദുള്ള, റസാഖ് മൂഴിക്കൽ, നാസർ വെളിയകോട്, വി.പി. മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാടുകുന്നു, ലത്തീഫ് കളരാന്തിരി, ഇബ്രാഹിം കൊല്ലി, പി.എം മായിൻകുട്ടി, ഹിഫ്സുറഹിമാൻ, ആർ.കെ കുട്ടിയാലി, ഒ.പി. അബ്ദുസ്സലാം, ടി.കെ. അബ്ദുറഹിമാൻ, മുംതാസ് ടീച്ചർ, ഹസൻ കോയ പെരുമണ്ണ, ഷമീല മൂസ, കുഞ്ഞബ്ദുള്ളയുടെ ഭാര്യ റുഖിയ, നജീബ് പാലക്കോത്ത്, ഡോ. റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
നൗഷാദ് കൊയിലാണ്ടി, മുനീർ തങ്ങൾ, ഹനീഫ കൊയിലാണ്ടി, സിദ്ധീഖ് പയ്യോളി, സിറാജ് പയ്യോളി, സൈനുദ്ദീൻ പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ അബ്ദുൽ വഹാബ് ആമുഖപ്രഭാഷണവും മൻസൂർ മൂടാടി നന്ദിയും പറഞ്ഞു. മുഹമ്മദ് മുബീൻ ഹുദവി ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ