യാംബു: കാഴ്ചക്കാർക്ക് കൗതുകം പകർന്ന് കരകൗശലങ്ങൾ. യാംബു പുഷ്പമേളയിലെ റീ സൈക്കിൾ ഗാർഡനിലാണ് കരവിരുതിന്റെ ചാരുത സന്ദർശകർ പിടിച്ചുനിർത്തുന്നത്. പുനരുപയോഗക്ഷമമായ വസ്തുക്കൾകൊണ്ട് നിർമിച്ച ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റിന്റെ മാതൃക മുതൽ ഗാർഡനിലെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി നിർമിതികളുണ്ട്. ഇത്തരത്തിലുള്ള ഏറ്റവും മികച്ച കരകൗശല നിർമിതിയെന്ന ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി റോക്കറ്റിന്റെ ഗരിമയോടുള്ള നിൽപ്.
ഇതിന്റെ മൊത്തം നീളം 30 മീറ്ററിലേറെയാണ്. മരം, പ്ലാസ്റ്റിക്, അലുമിനിയം, ഇരുമ്പ്, ഓയിൽ ഡ്രമ്മുകൾ തുടങ്ങിയവ ഉപയോഗിച്ച് യാംബു റോയൽ കമീഷൻ പരിസ്ഥിതി സേവന വകുപ്പാണ് നിർമിച്ചത്. റീ സൈക്കിൾ ഗാർഡനിലെ പ്രധാനപ്പെട്ട എല്ലാ കരകൗശല വസ്തുക്കളുടെയും നിർമാണത്തിനു പയോഗിച്ച വസ്തുക്കളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പ്രത്യേകം ഫലകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് സന്ദർശകർക്ക് അറിവും പകരുന്നു.
ഉപയോഗശേഷം വലിച്ചെറിയുന്ന എന്തും ഇവിടെ മനോഹരമായ ശിൽപങ്ങളായി പുനർജനിക്കുകയാണ്. സ്റ്റീൽ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, വെള്ളക്കുപ്പികൾ, വാഹനങ്ങളുടെ ടയറുകൾ, പേപ്പർ, ഡിസ്പോസിബിൾ സാധനങ്ങൾ തുടങ്ങിയ പാഴ്വസ്തുക്കൾ കലാവിരുതിൽ പുതിയ രൂപങ്ങളായി ഉയർത്തെഴുന്നേൽക്കുകയാണ്. മരം, ഇതര മാലിന്യവസ്തുക്കൾ, ഉരുക്ക്, തുണികൾ, പ്ലാസ്റ്റിക്, കോട്ടൺ എന്നിവ ഉപയോഗിച്ചു നിർമിച്ച കൂടാരത്തിന്റെ മാതൃക സൗദിയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നു.
ഒഴിവാക്കുന്ന വസ്തുക്കൾ പുനരുപയോഗിക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കുകയും പാരിസ്ഥിതിക അവബോധം വളർത്തുകയും ഈ സ്റ്റാളിന്റെ ലക്ഷ്യങ്ങളാണ്. സ്റ്റീൽ, കമ്പിളി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചു നിർമിച്ച ഒട്ടകം, പ്ലാസ്റ്റിക്, അലൂമിനിയം എന്നിവ ഉപയോഗിച്ചു നിർമിച്ച കിങ്ഡം ടവർ, ഫൈസലിയ ടവർ, ടയറുകളും മറ്റും ഉപയോഗിച്ചുണ്ടാക്കിയ വിവിധ ശില്പങ്ങൾ, ഉപഗ്രഹങ്ങൾ, സ്റ്റീൽ ഡ്രം, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗപ്പെടുത്തി നിർമിച്ച ദൂരദർശിനി, സോളാർ ഗാലക്സി, റോബോട്ട്, ഫാക്ടറികൾ, സാറ്റലൈറ്റ്, റോക്കറ്റ്, ടെലസ്കോപ്, വാഹനങ്ങൾ തുടങ്ങി വിവിധ വസ്തുക്കളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
യാംബു പുഷ്പമേള അവസാന നാളുകളിലേക്ക് നീങ്ങുന്നതോടെ സന്ദർശകരുടെ പ്രവാഹംകൂടി വരുകയാണ്. മേള നഗരിയിലേക്ക് യാംബുവിലെ വിവിധ ഭാഗങ്ങളിൽനിന്ന് സൗജന്യ ബസ് സർവിസും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉല്ലാസം പകരുന്ന 14-ാമത് യാംബു പുഷ്പമേള ഈ മാസം ഒമ്പതിന് അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ