തിരുവനന്തപുരം: തന്റെ മണ്ഡലമായ തൃത്താലയിലേക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് 11 ദിവസം കൊണ്ട് വാക്ക് പാലിച്ചിരിക്കുകയാണ് ജലവിഭവ വകുപ്പ് മന്ത്രി.
പറഞ്ഞ വാക്ക് വെറും 11 ദിവസം കൊണ്ട് പാലിക്കുക! കേട്ടാൽ അവിശ്വസനീയമെന്നേ തോന്നൂ.ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പറഞ്ഞ വാക്ക് ഒട്ടും കാലതാമസമില്ലാതെ പാലിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 ന് കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് മണ്ഡലത്തിലേക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് എം ബി രാജേഷ് അഭ്യർത്ഥിച്ചിരുന്നു. അപ്പോൾ തന്നെ മണ്ഡലത്തിലെ ലിഫ്റ്റ് ഇറിഗേഷൻ പ്രവൃത്തികൾക്ക് ഒന്നരക്കോടി രൂപ കൂടി അധികമായി അനുവദിക്കുമെന്ന് ഉദ്ഘാടന വേദിയിൽ വച്ചു മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.
*കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ മെയിൻ കനാൽ നവീകരണത്തിന് 90 ലക്ഷം രൂപ
*തൃത്താല പഞ്ചായത്തിലെ മങ്കാരം ബ്രാഞ്ച് കനാൽ നവീകരണത്തിന് 23 ലക്ഷം രൂപ
* തേനാമ്പാറ ലിഫ്റ്റ് ഇറിഗേഷൻ കനാൽ നവീകരണത്തിന് 15 ലക്ഷം രൂപ
* തിരുമ്മിറ്റക്കോട് ലിഫ്റ്റ് ഇറിഗേഷൻ വലതു ബ്രാഞ്ച് കനാലിനു 22 ലക്ഷം രൂപ
എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ജലവിഭവ വകുപ്പ് മന്ത്രിയോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നതായി എം ബി രാജേഷ് പറഞ്ഞു. പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ മണ്ഡലത്തിലെ ജലസേചന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും അത് നിരവധി പാടശേഖരങ്ങളിലെ കൃഷിക്ക് ഏറെ പ്രയോജനകരമാകുകയും ചെയ്യും. ഇപ്പോൾ തന്നെ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നെല്ല് ഉത്പാദിപ്പിക്കാൻ സാധിക്കുന്നുണ്ട്. തരിശു രഹിത തൃത്താല എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ജലസേചന സൗകര്യങ്ങളുടെ നവീകരണം ഏറെ സഹായകമാകുമെന്നും എം ബി രാജേഷ് പറഞ്ഞു.