തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ വീട്ടിൽ നിന്നും ഇറക്കി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സുഹൃത്തായ യുവാവാണ് യുവതിയെ തീകൊളുത്തിയത്. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത(50) എന്ന യുവതിക്ക് നേരെയാണ് അതിക്രമം.യുവതിയുടെ സുഹൃത്തായ പൗഢിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ്(50) യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സരിതയും മകളും താമസിക്കുന്ന വീട്ടിലെത്തിയാണ് ബിനു തീ കൊളുത്തിയത്.
നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം അക്രമി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതയ്ക്ക് ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു എത്തിയത്. വാക്കുതർക്കത്തിനിടെ ബിനു കൈയിൽ കരുതിയിരുന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. കന്നാസിൽ 5 ലീറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്.
സരിതയെ തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. സരിതയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇവരെ മെഡിക്കൽ കോളജിലെത്തിച്ചു.
കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്കൂട്ടറിൽനിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു”