തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടി നൽകുന്ന ഉത്തരവുമായി ഹൈക്കോടതി. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാർ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. കോടതിയെ സമിപ്പിച്ച ഒരു കരാറുകാരന് 55 കോടി രൂപയ്ക്കടുത്ത് നല്‍കാനാണ് കോടതി ഉത്തരവ്. കുടിശികയ്ക്ക് ഏഴു ശതമാനം പലിശയും സര്‍ക്കാര്‍ കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
മട്ടാഞ്ചേരിയിലുള്ള കരാറുകാരന് മരിയന്‍ സ്പൈസസ് ഉടമ വിജയകുമാറാണ് സർക്കാരിനെ വെട്ടിലാക്കുന്ന അനുകൂല വിധി നേടിയത്. ഇതോടെ കരാറുകാര്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ ഹർജികളിൽ കരാറുകാർക്ക് അനുകൂല വിധി വന്നാല്‍ ഭിമമായ തുക സര്‍ക്കാരിന് സഹസ്രകോടിക്ക് മുകളിൽ തുക ഉടന്‍ കണ്ടെത്തേണ്ടി വരും. വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1525.34 കോടി രൂപയാണു സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. 11 വര്‍ഷത്തെ കണക്കാണിത്.
കുറച്ചു തുക അടുത്തിടെ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും അത് ഒന്നുമായില്ല. കോവിഡ് കാലത്തും മറ്റും കിറ്റ് നല്കിയ ഇനത്തില്‍ ലഭിക്കേണ്ട തുകയടക്കം 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങള്‍ നല്കിയ വിതരണക്കാര്‍ക്കു സപ്ലൈകോ നല്‍കാനുള്ള കുടിശിക. ഓണം, ക്രിസ്മസ് ഉള്‍പ്പെടെ എട്ടു മാസക്കാലമായി വിതരണം നടത്തിയിട്ടുള്ള നിത്യപയോഗസാധനങ്ങളുടെ ബില്ത്തുകകള് ലഭിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കരാറുകാര്‍ പറയുന്നു.
സര്‍ക്കാരും ഭക്ഷ്യവകുപ്പും കൊടുത്ത ഉറപ്പുകള്‍ പാലിക്കപ്പെട്ടല്ല. തമിഴ്നാട്, ആധ്രാ, കര്‍ണാടകാ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും നേരിട്ട് സംഭരിച്ച് സപ്ലൈകോയ്ക്ക് എത്തിച്ച് നല്‍കിയിട്ടുള്ള അരി, പയറ് വര്‍ഗങ്ങളുടെ പണം നല്കാന് കഴിയാത്തത് മൂലം സാധനങ്ങള്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കരാറുകാര്‍ ചുണ്ടിക്കാട്ടുന്നു.