എറണാകുളം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി പ്രതിഷേധം നടത്തിയതിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസ്. ആശുപത്രിയിൽ അതിക്രമിച്ച് കടക്കൽ, മൃതദേഹത്തിനോട് അനാദരവ് എന്നിവയ്ക്ക് എതിരെയുള്ള വകുപ്പുകളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തിയവരിൽ അവരുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്ന.
മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് മൃതദേഹത്തിൽ കിടന്നു പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റിയെന്നും ഇന്ദിരയുടെ സഹോദരൻ സുരേഷ് പറഞ്ഞു. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പൊലീസിൻ്റെ നടപടിക്കെതിരെയും വ്യാപക വിമർശനം ഉയരുകയാണ്. മൃതദേഹത്തെ അപമാനിച്ചത് പൊലീസുകാരാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ അന്വേഷണത്തിനോട് പറഞ്ഞു. ഇവർക്കെതിരെ ആര് നടപടിയെടുക്കുമെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു