അബുദാബി/ റിയാദ് : വിപുലീകരണ പദ്ധതികൾ ഊർജിതമാക്കി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെൻ്ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം, യാൻബു, അൽ ഖോബാർ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ.
സൗദിയിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഗ്രൂപ്പായ ലീജാം സ്പോർട്സ് കമ്പനിയുമായി ചേർന്ന് ബുർജീൽ കഴിഞ്ഞ വർഷം റിയാദിൽ ആദ്യ നാല് ഫിസിയോതെറാബിയ സെൻ്ററുകൾ ആരംഭിച്ചിരുന്നു. ലീജാമിൻ്റെ ഫിറ്റ്നസ് ടൈം സെന്ററുകളിൽ സ്ഥിതിചെയ്യുന്ന ഫിസിയോതെറാബിയ വിപുലമായ ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങളാണ് നൽകുന്നത്. പ്രിവന്റീവ് റീഹാബിലിറ്റേഷനും ശാരീരികക്ഷമതയും മുൻനിർത്തിയാണ് സേവനങ്ങൾ.
സൗദി അറേബ്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ തവുനിയയുമായി ഫിസിയോതെറാബിയ തന്ത്രപരമായ പങ്കാളിത്തവും ആരംഭിച്ചു. ഇൻഷുറൻസ് കവറേജോടെ സേവനങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. ഫിസിയോതെറാബിയ സേവനങ്ങൾ സൗദിയിലുടനീളം ലഭ്യമാക്കാനാണ് ശ്രമമെന്നും 2025 അവസാനത്തോടെ രാജ്യത്തുടനീളം ലീജാം സ്പോർട്സിൻ്റെ ജിമ്മുകൾക്കകത്തും പുറത്തും ഇത്തരം 60 കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ പറഞ്ഞു.
സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ശാരീരിക ക്ഷമത ഉറപ്പാക്കാൻ എല്ലാ പ്രായത്തിലുമുള്ളവർക്കുള്ള സേവനങ്ങൾ ഫിയോതെറാബിയയിൽ ലഭ്യമാണ്. മസ്കുലോസ്കെലെറ്റൽ പുനരധിവാസം, റോബോട്ടിക്സ് ഉപയോഗിച്ചുള്ള ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, പീഡിയാട്രിക് റീഹാബിലിറ്റേഷൻ, സ്പോർട്സ് പരിക്കുകളുടെ റീഹാബിലിറ്റേഷൻ, നട്ടെല്ല്, ബാക്ക് റീഹാബിലിറ്റേഷൻ, ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി (HBOT) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ