മസ്കത്ത്: തലസ്ഥാന നഗരിയിലെ ഒമ്പത് ഇന്ത്യൻ സ്കളുകളിൽ പ്രവേശനം നേടുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. നേരത്തെ ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ പ്രവേശനം നൽകുക. അപേക്ഷിച്ചവരുടെ രക്ഷിതാക്കൾക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഈ മാസം 15ന് മുമ്പുതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കണം. നറുക്കെടുപ്പിലൂടെ പ്രവേശനം ലഭിച്ച സ്കൂളുകളിലെത്തി രേഖകൾ ഹാജരാക്കി ഫീസ് അടച്ചാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. പ്രവേശന നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
കെ.ജി ഒന്ന്, കെ.ജി രണ്ട് ക്ലാസിലെ ഏതാനും കുട്ടികൾക്ക് ഒന്നാം ചോയ്സായി നൽകിയ സ്കൂളിൽ പ്രവേശനം ലഭിച്ചിട്ടില്ല. നറുക്കടുപ്പിൽ കിട്ടാത്തവർക്ക് രണ്ടാം ചോയ്സായി നൽകിയ സ്കുളുകളിൽ പ്രവേശനം നൽകിയിട്ടുണ്ട്. മറ്റ് ക്ലാസിലെ കുട്ടികൾക്ക് അപേക്ഷിച്ച സ്കൂളിൽ തന്നെ പ്രവേശനം ലഭിക്കുന്നുണ്ട്. അപേക്ഷിച്ച എല്ലാവർക്കും ഒന്നാം ചോയ്സ് അല്ലെങ്കിൽ രണ്ടാം ചോയ്സ് നൽകിയ പ്രവേശന നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. ഒന്നാം ഘട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ അപേക്ഷകർക്കായി വീണ്ടും പോർട്ടൽ തുറക്കും. പല സ്കൂളുകളിലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നികത്താനാണ് വീണ്ടും അപേക്ഷകൾ ക്ഷണിക്കുന്നത്. സ്കൂളുകളിൽ ഇപ്പോൾ വാർഷിക പരീക്ഷ നടക്കുകയാണ്. ഈ വിദ്യാഭ്യാസ വർഷം അവസാനിക്കുന്നതോടെ നിരവധി പേർ ഇനിയും ടി.സി വാങ്ങാൻ കാത്തിരിക്കുന്നുമുണ്ട്. ചില സ്കൂളുകൾ ഒഴിച്ച് മറ്റ് സ്കൂളുകളിൽ കെ.ജി ക്ലാസുകളിൽ അടക്കം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി അറിയുന്നു. ഈ വർഷം മുൻ വർഷങ്ങളേക്കാൾ അപേക്ഷകർ കുറവാണ്.
പൊതുവേ ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതും പലരും കുടുംബത്തെ നാട്ടിൽ അയക്കുന്നതും കുട്ടികളുടെ കുറവിന് കാരണമാക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യക്കാരിൽ കുട്ടികളെ നാട്ടിലയക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഒമാനിലെ വിദ്യഭ്യാസത്തിനുള്ള ഉയർന്ന ചെലവും ഇതിന് കാരണമാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നത് ആ സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നേടിയവർക്കാണ്. ഇതടക്കം നിരവധി കാരണങ്ങൾ കുട്ടികൾ നാട്ടിലേക്ക് ചേക്കേറുന്നതിന് കാരണമാകുന്നുണ്ട്.സ്കൂൾ പ്രവേശനത്തിന് ഓൺലൈനിലൂടെ അപേക്ഷ നൽകാനുള്ള സമയ പരിധി ഫെബ്രുവരി 24ന് അവസാനിച്ചിരുന്നു. തലസ്ഥാന നഗരിയിലെ രണ്ട് അന്താരാഷ്ട്ര സ്കൂളുകൾ അടക്കം ഒമ്പത് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകളാണ് കഴിഞ്ഞ മാസം 21 മുതൽ ഓൺലൈനായി സ്വീകരിക്കാൻ തുടങ്ങിയത്. ബൗഷർ, മസ്കത്ത്, ദാർസൈത്ത്, വാദീ കബീർ, ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കും അൽ ഗൂബ്ര, വാദീ കബീർ എന്നീ അന്താരാഷ്ട്ര സ്കൂളിലുമാണ് പ്രവേശന നടപടികൾ നടന്നത്. കെ.ജി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള അപേക്ഷകളാണ് സ്വീകരിച്ചത്. ഏഴ് ഇന്ത്യൻ സ്കൂളുകളിലായി 5874 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ