മസ്കത്ത് ∙ ഓണ്‍ലൈന്‍ തട്ടപ്പുകള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ്. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയ നാലംഗ സംഘമാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ വലയിലായത്. വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ച് ആളുകളെ കബളിപ്പിച്ചാണ് സംഘം പണം അപഹരിച്ചിരുന്നതെന്ന് ആര്‍ഒപി പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള തട്ടിപ്പുക്കാരെ കുറിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് ഡീറ്റെയ്ല്‍സ് തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍കോളുകളിലോ നല്‍കരുത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പല രീതികളാണ് തട്ടിപ്പുകാര്‍ അവലംബിക്കുന്നത്. ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും പണം നഷ്ടപ്പെട്ടിരുന്നു. അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡ് വിശദാംശങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകള്, എ ടി എം പിന്, സെക്യൂരിറ്റി നമ്പറുകള്‍ (സി സി വി), പാസ്വേഡുകള് തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും ഒരിക്കലും പങ്കിടരുതെന്ന് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും റോയല്‍ ഒമാന്‍ പൊലീസും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് വിശദാംശങ്ങളുടെ അപ്ഡേറ്റുകള് ആവശ്യപ്പെട്ട് ലഭിക്കുന്ന അജ്ഞാത കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് വ്യക്തികളോട് അഭ്യര്‍ത്ഥിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ