സിദ്ധാർത്ഥനെ ആക്രമിച്ച ആയുധം കണ്ടെത്തി; സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിൽ പൊലീസിൻ്റെ തെളിവെടുപ്പ്

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയുമായി കോളേജ് ഹോസ്റ്റലില്‍ പൊലീസിൻ്റെ തെളിവെടുപ്പ്. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് തെളിപെടുപ്പ് നടത്തിയത്. സിദ്ധാര്‍ത്ഥനെ ക്രൂരമർദ്ധനത്തിനിരയാക്കിയ ഹോസ്റ്റല്‍ മുറിയിൽ പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് ആരംഭിച്ചത്. 

തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ പ്രതികൾ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥൻ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചുകൊടുത്തത്.

അതേസമയം;സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമർത്ഥിച്ച റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പ്രതികൾക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലിൽ അലിഖിത നിയമം ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് എത്തുകയായിരുന്നു. 

രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ  വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ പ്രതികൾ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ നയിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.