തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററനറി കോളജിൽ മരണപ്പെട്ട സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിമാൻഡ് റിപ്പോർട്ട്. കോളേജ് ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടെന്നാണ് റിമാൻഡ് റപ്പോർട്ടിൽ പറയുന്നത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർക്കാൻ നാട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ തിരികെ വിളിച്ചുവരുത്തി. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർഥനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാർഥനെ മർദ്ദിച്ചു. ഫെബ്രുവരി 15ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ കോളജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ച് വരുത്തിയത്. രഹാൻ്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. ഫെബ്രുവരി 16ന് സിദ്ധാർഥൻ തിരികെ കോളജിലെത്തി.
മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കാതെ അന്യായ തടങ്കലിൽവച്ച സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ വച്ചും ഹോസ്റ്റലിൻ്റെ നടുമുറ്റത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് തൊഴിച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തിൽ പരസ്യ വിചാരണ നടത്തി മർദിച്ചും അപമാനിച്ചതിനെ തുടർന്നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.രാത്രിയാണ് പ്രതികൾ സിദ്ധാർഥനെ മർദ്ദിക്കാൻ ആരംഭിച്ചത്. കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിൽ എത്തിച്ചും സിദ്ധാർഥനെ ക്രൂരമായി മർദ്ദിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. മകന്റെ മരണത്തിൽ നിയമപോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം.
റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുതെന്നും സിദ്ധാർഥന്റെ പിതാവ് ആവശ്യപ്പെട്ടു.രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിന്റെ ആലോചന.