വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെ സംസ്ഥാന ഭരണമുന്നണിയായ എൽഡിഎഫും കേന്ദ്ര ഭരണമുന്നണിയായ എൻഡിഎയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ യുഡിഎഫിനെ പ്രതിധീകരിച്ച് കോൺഗ്രസിൽ നിന്നും ആര് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും എന്ന കാര്യത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എൽഡിഎഫിനെ പ്രതിനിധീകരിച്ച് സിപിഎമ്മിൻ്റെ സിറ്റിംഗ് എംപി എ.എം.ആരിഫ് തന്നെയാണ് കളത്തിലിറങ്ങുന്നത്. 2019 ൽ ഉണ്ടായ യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്ത് നിന്നും ജയിച്ച് കയറിയ ഒരേയൊരു ഇടത് മുന്നണി സ്ഥാനാർത്ഥിയാണ് ആരിഫ്. മണ്ഡലത്തിൽ ഇടത് സ്ഥാനർത്ഥി പ്രചരണവും ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. ബിജെപിയുടെ കരുത്തുറ്റ വനിതാ മുഖമായ ശോഭാ സുരേന്ദ്രനാണ് ആലപ്പുഴയിലെ ഭരണമുന്നണി സ്ഥാനാർത്ഥി. അടുത്ത ദിവസങ്ങളിൽ ശോഭയും മണ്ഡലത്തിൽ സജീവമാകും. കഴിഞ്ഞ വർഷം പിഎസ്സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണന് ലഭിച്ച 1,87,729 വോട്ടുകൾ വർധിപ്പിച്ച് വിജയം ശോഭ യിലൂടെ വിജയം പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടൽ.
എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വേണ്ടി ആര് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങും എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ തവണ ആരിഫിനോട് ചെറിയ മാർജിനിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ, മുൻ ഡിസിസി പ്രസിഡൻ്റ് എഎ ഷുക്കൂർ തുടങ്ങിയവരുടെ പേര് പറഞ്ഞ് കേട്ടെങ്കിലും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരത്തിനിറങ്ങും എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും കെ.സി. തന്നെ കളത്തിലിറങ്ങണമെന്ന ആഗ്രഹമാണുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും ആലപ്പുഴയിൽ മത്സരിക്കാൻ തയ്യാറാണ് എന്ന് വേണുഗോപാലും നിലപാട് വ്യക്തമാക്കിയിരുന്നു. കെ.സി.ആലപ്പുഴയിൽ മത്സരിച്ചാൽ വിജയം ഉറപ്പ് എന്ന ജില്ലാ നേതാക്കളുടെ ആത്മവിശ്വാസത്തിന് ചില കണക്കുകളുടെ പിൻബലമുണ്ട്. 1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽ ന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽനിന്നു വിജയിക്കാൻ വേണുഗോപിലായിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ സഹമന്ത്രിയായി പ്രവർത്തിക്കവേ മണ്ഡലത്തിൽ എത്തിച്ച വികസന പ്രവർത്തനങ്ങളും കെ.സി.യെ തുണയ്ക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
എന്നാൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാൻഡിന് താല്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായ കെസിക്ക് 2026 ജൂണ്‍ 21 വരെ കാലാവധിയുണ്ട്. എന്നാൽ 2023 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അടിതെറ്റിയ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴയിൽ കെ.സി.വിജയിച്ചാൽ രാജ്യസഭാംഗത്വം വേണുഗോപാൽ രാജിവയ്ക്കേണ്ടി വരും. ഇതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ മത്സര രംഗത്ത് നിന്നും കെസിയെ വിലക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. നിലവിൽ രാജ്യസഭയിലെ കോൺഗ്രസിന്റെ അംഗബലം കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കൂ. നിലവിൽ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ വെറും മൂന്ന് സീറ്റുകളുടെ കുറവ് മാത്രമാണ് എൻഡിഎ മുന്നണിയ്ക്കുള്ളത്. നിലവിൽ ബിജെപിക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻഡിഎ മുന്നണിക്ക് ആകെ 118 അംഗങ്ങളുമാണുള്ളത്.245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 123 സീറ്റാണ് ആവശ്യമായിട്ടുള്ളത്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ നാലെണ്ണം പ്രസിഡന്റ് ഭരണം നിലനിൽക്കുന്ന ജമ്മു കശ്മീരിലാണ്. ഒന്ന് പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന വിഭാഗത്തിലുമാണ്. ഈ സാഹചര്യത്തിൽ 240 അംഗ സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 121 സീറ്റുകൾ മാത്രം മതി. ഈ സാഹചര്യമാണ് ആലപ്പുഴയിൽ കെ.സി. എത്തുന്നതിന് പ്രധാന തടസമായി നിൽക്കുന്നത്.
ആലപ്പുഴയിൽ കെ.സി. ജയിച്ചാൽ ലോക്സഭയിലേക്ക് മുതൽകൂട്ടാവുമെങ്കിലും രാജ്യസഭയിൽ തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. നിർണായകമായ ഒന്ന് നഷ്ടപ്പെടുത്തി മറ്റൊന്ന് നേടുന്നത് രാഷ്ട്രീയ അബദ്ധമാണ് എന്ന് നേതൃത്വം കണക്കുകൂട്ടുന്നു എന്നാണ് സൂചന. ആലപ്പുഴയിൽ ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തി സീറ്റ് പിടിച്ചെടുക്കുന്നതിനോടൊപ്പം രാജ്യസഭാ സീറ്റ് നിലനിർത്തുന്നതിന് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു തീരുമാനമാകും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുക എന്നാണ് സൂചന.