ചെന്നൈ: തമിഴ്നാട്ടിൽ ബ്ലാക്ക്മെയിൽ കേസിൽ ബിജെപി നേതാക്കളടങ്ങുന്ന സംഘം അറസ്റ്റിൽ. മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന തമിഴ് ശൈവ മഠമായ ധർമ്മപുരം അധീനം നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കളടക്കം 4 പേരെയാണ് മയിലാടുതുറൈ പൊലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല ഓഡിയോ – വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് ശ്രീ ല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ സഹോദരനാണ് പൊലീസിന്പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്നേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ വിനോദ് ബിജെ.പിയുടെ തഞ്ചാവൂർ നോർത്ത് യൂത്ത് വിംഗ് സെക്രട്ടറിയും വിഘ്നേഷ് ജില്ലാ സെക്രട്ടറിയുമാണ്.
മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തിൽ ജോലി ചെയ്യുന്ന വിനോദും സെന്തിലും വാട്സ്ആപ്പ് വഴി മഠാധിപതിയുടെ സഹോദരനെ സമീപിക്കുകയായിരുന്നു. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറയുന്നു.
ഭീഷണി ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചാൽ അക്രമം നടത്തുമെന്നും കൊലപാതകം നടത്തുമെന്നും ഇവർ സന്ദേശമയച്ചതായും വിരുതഗിരി പറഞ്ഞു. ഫെബ്രുവരി 25 ന് അന്വേഷണം ആരംഭിച്ച പൊലീസ് ഐപിസി സെക്ഷൻ 120 (ബി), 307, 506 (ഐഐ), 389 എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.