മലപ്പുറത്ത് കാമുകനൊപ്പം ഒളിച്ചോടാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളി : അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍

തിരൂര്‍(മലപ്പുറം): പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന്‍ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.രമേശ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചതും. കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.
ശ്രീപ്രിയയുമായി തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ തിരൂര്‍ പോലീസ് വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള ഫുട് ഓവര്‍ബ്രിഡ്ജ് വന്നിറങ്ങുന്നതിനോടു ചേര്‍ന്നുള്ളതാണ് ഈ ഓട. റെയില്‍വേസ്റ്റേഷനും സമീപത്തെ ഹോട്ടലിനുമിടയിലൂടെയുള്ള ഓടയിലാണ് ബാഗ് ഉപേക്ഷിച്ചത്. മൃതദേഹം ഉപേക്ഷിച്ച സ്ഥലം ശ്രീപ്രീയ കാണിച്ചു കൊടുത്തു. കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സ്ഥലം കാണിച്ചു കൊടുത്തപ്പോഴും ഓടയില്‍ നിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.
മൂന്നുമാസം മുന്‍പ് ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ ശ്രീപ്രിയയെ സഹോദരീഭര്‍ത്താവ് ചിലമ്പരശന്‍ യാദൃച്ഛികമായി തിരൂരില്‍ കണ്ടതാണ് സംഭവങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. നെയ്വേലി സ്വദേശി മണിബാലന്‍ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവര്‍ഷം മുന്‍പാണ്. അതില്‍ ജനിച്ച കുഞ്ഞാണിപ്പോള്‍ കൊലചെയ്യപ്പെട്ടത്.

Read More : 

    

മൂന്നുമാസംമുന്‍പ് ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലെത്തി. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു. പുല്ലൂരില്‍ എസ്.ഐ.ഒ. ബസ്സ്റ്റോപ്പിനു സമീപമാണ് ഇവര്‍ വാടകയ്ക്കു താമസിച്ചത്. ശ്രീപ്രിയയുടെ സഹോദരി വിജയയും ഭര്‍ത്താവ് ചിലമ്പരശനും പുത്തനത്താണിയില്‍ താമസിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ചിലമ്പരശന്‍ പുല്ലൂരില്‍വെച്ച് ശ്രീപ്രിയയെ കണ്ടു. സംശയംതോന്നി വീട്ടിലെത്തി ഭാര്യ വിജയയോട് പറഞ്ഞു. പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലില്‍ കണ്ടെത്തുകയുംചെയ്തു.
തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് അടിച്ചുകൊന്നതായും തൃശ്ശൂരില്‍ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറഞ്ഞു. തുടര്‍ന്ന് വിജയ പോലീസില്‍ വിവരമറിച്ചു. വിജയയും ഭര്‍ത്താവും പുല്ലൂരില്‍ ശ്രീപ്രിയ താമസിക്കുന്ന വാടകവീട്ടിലെത്തി. വൈകാതെ ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂരിലെ വാടകവീട്ടില്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട്, കാമുകനും പിതാവും ചേര്‍ന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയ പോലീസിനോടു പറഞ്ഞത്. തിരൂര്‍ ഡിവൈ.എസ്.പി. ഷംസ്, ഇന്‍സ്പെക്ടര്‍ എം.കെ. രമേശ് എന്നിവര്‍ ഇവരെ ചോദ്യംചെയ്തു. തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.