ഗസ്സ: ഇസ്രായേലി ബന്ദികളെ ഇല്ലാതാക്കി പ്രശ്നം തീർക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് ഹമാസ്. ഗസ്സയിലെ ബന്ദികളുടെ ജീവനെക്കുറിച്ച് നെതന്യാഹുവിന് ആശങ്കയില്ല എന്നതിന്റെ തെളിവാണ് ഇസ്രായേൽ ആക്രമണത്തിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ട സംഭവമെന്നും മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് നസൽ അൽ ജസീറയോട് പറഞ്ഞു.
‘ഗസ്സയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ബന്ദി കൈമാറ്റ, വെടിനിർത്തൽ കരാർ എപ്പോൾ നിലവിൽ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല’ -നസൽ പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ബന്ദികളും അവരുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന പോരാളികളും കൊല്ലപ്പെട്ട വിവരം ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂഉബൈദയാണ് ഇന്നലെ ടെലഗ്രാം വഴി പുറംലോകത്തെ അറിയിച്ചത്. തങ്ങളുടെ പ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതെന്ന് അബൂഉബൈദ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ചൈം ഗെർഷോൺ പെരി (79), യോറം ഇറ്റാക് മെറ്റ്‌സ്‌ഗർ (80), അമിറാം ഇസ്രായേൽ കൂപ്പർ (85) എന്നിവരുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിട്ടു. ബാക്കിയുള്ള നാലുപേരുടെ പേരുകൾ പിന്നീട് വെളിപ്പെടുത്തും. ഒക്‌ടോബർ ഏഴിന് കിബ്ബട്ട്‌സ് നിർ ഓസിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദികളാക്കിയത്. ഇവർ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
“നിരവധി ബന്ദികളുടെ സംരക്ഷണച്ചുമതലയുള്ള പോരാളികളുമായി ഞങ്ങൾക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ സയണിസ്റ്റ് ബോംബാക്രമണത്തിൽ ഞങ്ങളുടെ നിരവധി പോരാളികളുടെ രക്തസാക്ഷിത്വവും ഏഴ് ബന്ദികൾ കൊല്ലപ്പെട്ടതും സ്ഥിരീകരിച്ചു. ഗസ്സ മുനമ്പിൽ ശത്രുസൈന്യത്തിന്റെ സൈനിക നടപടികളുടെ ഫലമായി കൊല്ലപ്പെട്ട ശത്രു തടവുകാരുടെ എണ്ണം 70 കവിഞ്ഞതായി ഞങ്ങൾ സ്ഥിരീകരിക്കുന്നു. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ എന്നും ബദ്ധശ്രദ്ധരാണ്. എന്നാൽ ശത്രു നേതൃത്വം ബോധപൂർവം അവരെ കൊല്ലുകയാണ് ചെയ്യുന്നത്’ -ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ബന്ദികൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫെബ്രുവരി 11ന് ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചിരുന്നു. അന്ന് എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.