തിരുവനന്തപുരം: വയനാട്പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സസ്പെൻഡ് ചെയ്തത്. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ജുഡീഷ്യൽ അന്വേഷണത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ ഹൈക്കോടതിയെ സമീപിച്ചു.
വൈസ് ചാൻസിലർക്ക് എതിരെ മാത്രമല്ല വെറ്ററിനറി സർവകലാശാല ഡീനിനെതിരെയും നടപടി വേണമെന്ന് സിദ്ധാർത്ഥൻ്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഡീനിനെ മാറ്റി നിർത്തി അന്വേഷിക്കണം. ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഉചിതവും ശക്തവുമായ തീരുമാനമാണ് ഗവർണറുടേത് എന്നും സിദ്ധാർത്ഥൻ്റെ അച്ഛൻ കൂട്ടിച്ചേർത്തു.
കേസിൽ സീനിനെ പ്രതി ചേർക്കണമെന്ന് സിദ്ധാർഥൻറെ അച്ഛൻ ഇന്നും ഞവർത്തിച്ചു. ഡീനിന് എല്ലാ കാര്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡീൻ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.