മാർച്ച് 2, രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ വനിതകളിൽ ഒരാളായ സരോജിനി നായിഡുവിൻ്റെ എഴുപത്തിയഞ്ചാം ചരമവാർഷിക ദിനം. രാഷ്ട്ര മോചനം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം, സാഹിത്യം ഉൾപ്പെടെ തൻ്റെ പേര് കോറിയിട്ടുകൊണ്ടാണ്ട് 1949 മാർച്ച് 2ന് സരോജിനി ചതോപാദ്ധ്യായ എന്ന സരോജിനി നായിഡു വിടവാങ്ങുന്നത്.
ഇന്ത്യയുടെ വാനമ്പാടിയെന്നും ഭാരത കോകിലമെന്നും വിശേഷണമുള്ള സരോജിനി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ട ചരിത്രത്തിലെ വനിതാമുഖങ്ങളിലൊന്നാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണർ എന്ന ചരിത്രനേട്ടവും അവർക്ക് സ്വന്തമാണ്.
ഗാന്ധിജി, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഗുരുവുമായ ഗോപാലകൃഷ്ണ എന്നിവരുടെ സ്വാധീനത്താല്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ നായിഡു മരണം വരെ പൊതുരംഗത്ത് സജീവമായിരുന്നു. നിസ്സഹകരണപ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയുടെ മുൻനിര പോരാളിയായി സരോജിനിയുണ്ടായിരുന്നു.
1879 ഫെബ്രുവരി 13ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി ചതോപാദ്ധ്യായയുടെ ജനനം. അച്ഛന്‍ അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാളി കവയിത്രിയും. 1898ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെ അവര്‍ സരോജിനി നായിഡുവായി മാറി. അബ്രാഹ്‌മണനായ ഗോവിന്ദരാജുലു നായിഡുവിനെ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലെ അംഗമായിരുന്നു സരോജിനി.
ലോകം മാര്‍ച്ച് എട്ട് വനിതാ ദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യ സരോജിനി നായിഡുവിൻ്റെ ജൻമദിനമായ ഫെബ്രുവരി 13 ദേശീയ വനിതാ ദിനമായി ആചരിക്കുന്നു. പകരം വെയ്ക്കാനില്ലാത്ത സ്ത്രീപക്ഷ വാദിയായ ഒരു സമരജീവിതത്തിന് പകരംവയ്ക്ക്ക്കാൻ ഇന്ത്യയിൽ മറ്റൊരു പേരില്ലെന്നതാണ് യാഥാർത്ഥ്യം.
1917ല്‍ സ്ത്രീകള്‍ക്ക് വേണ്ടി വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗുവിന് സമര്‍പ്പിച്ച പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത് സരോജിനി നായിഡുവായിരുന്നു. 1930ലെ ഐതിഹാസികമായ ദണ്ഡിയാത്രയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഗാന്ധിജിയുടെ നിലപാടിനെ സരോജിനി എതിർത്തു. സ്ത്രീപക്ഷവാദിയായ സരോജിയുടെ ഇടപെടലോടെ ഗാന്ധിജി തന്റെ നിലപാടിൽ മാറ്റം വരുത്തി. തുടര്‍ന്ന് സ്ത്രീകളും ദണ്ഡിയാത്രയുടെ ഭാഗമായി. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദര്‍ശനയിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി പിടിച്ചെടുക്കാൻ ഗാന്ധിജിയും അനുയായികളും ശ്രമിച്ചു. എന്നാൽ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ആ സമരത്തിന് നേതൃത്വം നല്‍കിയത് സരോജിനി നായിഡുവായിരുന്നു.
പദ്യഗദ്യസാഹിത്യരംഗത്തെ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു സരോജിനി നായിഡുവിൻ്റേത്. കവിതയുടെ ഉപാസകയായ സരോജിനിയെ ‘ഇന്ത്യയുടെ വാനമ്പാടി ‘യെന്നും ‘ഭാരത കോകിലമെന്നും ‘ വിശേഷിപ്പിച്ചത് ഗാന്ധിജിയായിരുന്നു.
പദ്യഗദ്യ സാഹിത്യരംഗത്ത് സജീവമായ സരോജിനിയുടെ ആദ്യ കവിതാ സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രെഷോള്‍ഡ്’ 1950ൽ പ്രസിദ്ധീകരിച്ചു. പുലരിയുടെ തൂവലുകള്‍, ഒടിഞ്ഞ ചിറക്, ബേഡ് ഓഫ് ദ ടൈം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഇന്ത്യന്‍ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകള്‍ക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരമാണ് രാജകീയമുരളി. ദി ഇന്ത്യന്‍ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.