കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഇതുവരെ 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസി ആശുപത്രിക്ക് സമീപം കെട്ടിടം വാടകക്കെടുത്ത് ഹോം സ്റ്റേ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. കുപ്രസിദ്ധനായ ഗുണ്ടയുടെ നേതൃത്വത്തിലാണ് അനാശാസ്യം. ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെയായിരുന്നു പ്രവർത്തനം. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽനിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചതെന്നും സൂചനയുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ സ്ത്രീകളെ എത്തിച്ചതായി സംശയിക്കുന്നു.