ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വമ്പൻ താരങ്ങളെ ബിജെപി കളത്തിലിറക്കുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് താരം യുവരാജ് സിങ്, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കങ്കണ റണൗട്ട്, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് തുടങ്ങിയവരെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാർട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പു സമിതി ചർച്ചകൾ തുടരുന്നതിനിടെയാണ് വാർത്ത പുറത്തുവന്നത്.
പഞ്ചാബിലെ ജലന്ധറിൽ നിന്ന് യുവരാജ് സിങ് മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ഡൽഹിയിലെ ഏതെങ്കിലും ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്ന് സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഭോജ്പുരി നടൻ പവൻ സിങും ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അക്ഷയ് കുമാർ ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും പവൻ സിങ് ബംഗാളിലെ അസൻസോളിലും സ്ഥാനാർഥിയാകും. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ കങ്കണയെ കളത്തിലിറക്കിയേക്കും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ആയിട്ടില്ല.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പാതിരാത്രിയോളം നീണ്ടുനിന്ന ബി.ജെ.പി. യോഗത്തിൽ നൂറുപേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക തയ്യാറായതായാണ് വിവരം. വൈകാതെ തന്നെ ഇത് പുറത്തുവിടുമെന്നാണ് വിടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അടക്കമുള്ളവരുടെ പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടികയായിരിക്കും ബി.ജെ.പി. പുറത്തുവിടുക. വാരണാസിയിൽ നിന്നായിരിക്കും മോദി മത്സരിക്കുക. അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും, ലഖ്നൗവിൽ നിന്ന് രാജ്നാഥ് സിങ്ങും മത്സരിക്കുമെന്നാണ് വിവരം. മൂവരും 2019-ല്‍ ഇതേ സീറ്റുകളിലാണ് വിജയിച്ചത്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ