വേര്‍പിരിഞ്ഞ് താമസിക്കാന്‍ കൃത്യമായ കാരണങ്ങള്‍ വേണം, അല്ലാത്തപക്ഷം ജീവനാംശം ചോദിക്കാന്‍ ഭാര്യയ്ക്ക് അര്‍ഹതയില്ല: ജാര്‍ഖണ്ഡ് ഹൈക്കോടതി

 

റാഞ്ചി: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഭര്‍ത്താവില്‍ നിന്ന് സ്ത്രീകള്‍ക്ക് ജീവനാംശം ഭൂരിഭാഗം കേസുകളിലും ലഭിക്കാറുണ്ട്. ഇക്കാര്യത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി.

 
കൃത്യമായ കാരണങ്ങളില്ലാതെ ഭാര്യ ഭര്‍ത്താവിനൊപ്പം താമസിക്കുന്നില്ലെങ്കില്‍, ജീവനാംശം ചോദിക്കാന്‍ ഭാര്യയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സുഭാഷ് ചന്ദ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭാര്യയും അവളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടിവരും.

അമിത് കുമാര്‍ കച്ചപ് എന്നയാള്‍ ഭാര്യ സംഗീത ടോപ്പോയുടെ ജീവനാംശത്തിനായി പ്രതിമാസം നിശ്ചിത തുക നല്‍കണമെന്ന റാഞ്ചി കുടുംബ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

രണ്ട് കക്ഷികളും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിധി. സംഗീത യാതൊരു കാരണങ്ങളുമില്ലാതെ അമിത്തുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഗീത ഭര്‍തൃ വീട്ടില്‍ നിന്ന് പോയെന്നും തിരികെ വന്നില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി മനസിലാക്കി. സ്ത്രീധന പീഡനം ആരോപിച്ച് ഭര്‍ത്താവ് അമിത് കുമാര്‍ കച്ചപ്പിനെതിരെ റാഞ്ചി കുടുംബ കോടതിയില്‍ അവര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതില്‍ സംഗീതയ്ക്ക് അനുകൂലമായി കുടുംബകോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് അമിത് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമാണ് തനിക്കൊപ്പം ഭാര്യ താമസിച്ചതെന്നും രണ്ടാഴ്ച സ്വന്തം വീട്ടില്‍ നിന്ന ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ് പോയ സംഗീത പിന്നീട് എത്ര നിര്‍ബന്ധിച്ചിട്ടും തിരിച്ച് വന്നില്ലെന്നും അമിത് കോടതിയെ ബോധിപ്പിച്ചു.

Latest News