വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.
അതേസമയം, കേസിൽ പ്രതിയായ ഒരാൾകൂടി വെള്ളിയാഴ്ച കീഴടങ്ങി. മലപ്പുറം സ്വദേശിയായ ഇയാൾ കൽപ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം 11 ആയി. കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റും വെള്ളിയാഴ്ച രേഖപ്പെടുത്തി. കേസിൽ നേരത്തെ ഏഴുപേർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴുപേരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.
കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം. സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെഎസ്യു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ