ന്യൂഡൽഹി: ലവ് ജിഹാദിന്റെ പേരിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പ്രമുഖ ദേശീയ വാർത്ത ചാനലുകൾക്കെതിരെ നടപടിയെടുത്ത് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ). ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള സമിതി ന്യൂസ് 18 ഇന്ത്യ, ആജ് തക്, ടൈംസ് നൗ നവഭാരത് ചാനലുകൾക്കെതിരെ നടപടിയെടുത്തത്.
ടൈംസ് നൗ നവഭാരതിന് ഒരു ലക്ഷം രൂപയും ന്യൂസ് 18 ഇന്ത്യക്ക് 50,000 രൂപയും പിഴ ചുമത്തി. ആജ് തക്കിനെ ശാസിച്ചു. ഇതുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകളും വിഡിയോകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് ഏഴു ദിവസത്തിനകം പിൻവലിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
അവതാരകൻ ഹിമാൻഷു ദീക്ഷിത് മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചതും വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള വിവാഹങ്ങളെ ലവ് ജിഹാദായി പൊതുവൽക്കരിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ടൈംസ് നൗ നവഭാരതിനെതിരെ പിഴ ചുമത്തിയത്. ഒപ്പം ആജ് തക്കിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാമാനവമി സമയത്തെ ആക്രമണ പ്രവർത്തനങ്ങളെ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വച്ചുള്ളതായി സാമാന്യവത്കരിച്ച സുധീർ ചൗധരി അവതാരകനായുള്ള പരിപാടിക്കാണ് താക്കീത് നൽകിയത്. ഈ വീഡിയോ നീക്കം ചെയ്യാൻ ചാനലിനോട് നിർദേശിക്കുകയും ചെയ്തു.
“പെൺകുട്ടിയെ വിവാഹത്തിനായി നിർബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്തെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഒരു ഹിന്ദു പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട ആൺകുട്ടിയെ വിവാഹം കഴിച്ചത് ലവ് ജിഹാദിന് തുല്യമാകില്ല. ഇത്തരം ചില വിവാഹങ്ങൾക്കൊണ്ട് മാത്രം ഒരു സമൂഹത്തെ അത്തരത്തിൽ മുദ്രകുത്താൻ സാധിക്കില്ല. അതിനാൽ ഇത്തരം വിവാഹങ്ങൾക്ക് സമുദായത്തിന്റെ നിറം നൽകി സാമാന്യവൽക്കരിക്കുന്ന പ്രസ്താവനകൾ ഇറക്കാൻ പാടില്ല. ഏത് മതത്തിൽപ്പെട്ടവരായാലും ഓരോ പൗരനും മതങ്ങൾക്കതീതമായി ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശമുണ്ട്,” ഉത്തരവിൽ പറയുന്നു.
മതപരമായ സ്റ്റീരിയോടൈപ്പുകൾ രാജ്യത്തിൻ്റെ മതേതര ഘടനയെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഭാവി പ്രക്ഷേപണങ്ങളിൽ “ലവ് ജിഹാദ്” എന്ന പദം അതീവ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും എൻബിഡിഎസ്എ നിർദേശിച്ചു.
നിഷ്പക്ഷത, വസ്തുനിഷ്ഠത, കൃത്യത എന്നിവയുമായി ബന്ധപ്പെട്ട് കോഡ് ഓഫ് എത്തിക്സ് & ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സിൻ്റെ ലംഘനങ്ങൾ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്വേഷ പ്രസംഗം തടയുന്നതും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർഗീയ വിവരണങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ ലംഘനങ്ങളും എൻബിഡിഎസ്എ ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള ഏത് വിഷയത്തിലും സംവാദം നടത്താൻ അവകാശമുണ്ടെങ്കിലും കുറച്ച് വ്യക്തികളുടെ പ്രവൃത്തികൾ മൂലം സമൂഹത്തെ മുഴുവൻ ലക്ഷ്യമിടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും എൻബിഡിഎസ്എ നിർദേശിച്ചിട്ടുണ്ട്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ