അബുദാബി ∙ അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗമായ പ്രിസിഷൻ ഓങ്കോളജിയുണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാനആഗോള സമ്മേളനത്തിന് അബുദാബിയിൽ തുടക്കം. വ്യക്തിഗ അർബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മയായ വേൾഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ്വർക്ക് (വിൻ) കൺസോർഷ്യവും ബുർജീൽ ഹോൾഡിങ്സും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിൻ കൺസോർഷ്യത്തിന്റെ ഈ ദ്വിദിന വാർഷിക സമ്മേളനത്തിൽ പ്രിസിഷൻ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. ലോകമെമ്പാടുമുള്ള കാൻസർ രോഗികളുടെ പരിചരണവുംഫലങ്ങളും വിലയിരുത്തും.
സമ്മേളനത്തിൽ കാൻസർ ഇമ്മ്യൂണോതെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ച നൊബേൽ സമ്മാന ജേതാവ് പ്രഫ. ജെയിംസ് ആലിസൺ മുഖ്യ പ്രഭാഷണം നടത്തി. യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷയേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രോഗനിർണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ട്യൂമർ തുടർച്ചയായി പരിശോധിക്കുകയും തുടർ നടപടികൾ നിശ്ചയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ഡിപാർട്ടമെന്റ് ഓഫ് ഹെൽത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ എക്സിക്യൂട്ടീവ്ഡയറക്ടർ ഡോ. അസ്മ അൽ മന്നായി, ജീനോമിക് മെഡിസിൻ, പ്രിസിഷൻ ഓങ്കോളജി എന്നിവയ്ക്കുള്ള സർക്കാർ പദ്ധതികൾ വിശദീകരിച്ചു. അർബുദത്തെക്കുറിച്ചുള്ള ധാരണകളും പരിചരണവും നിലവിലെയും ഭാവിയിലെയും തലമുറയ്ക്കായി മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻ കൺസോർഷ്യത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കൽസെന്ററുകൾ, ഹെൽത്ത് കെയർ സംരംഭങ്ങൾ, ഗവേഷണ സംഘടനകൾ, പേഷ്യന്റ് അഡ്വക്കസി ഗ്രൂപ്പുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടു ദിവസത്തെ സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം ഡോകട്ർമാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ