മനാമ ∙ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി 13 വർഷമായി നാട്ടിലേക്ക് പോകാതെ ദുരവസ്ഥയിൽ ആയിരുന്ന ഒരു പ്രവാസി കൂടി നാട്ടിലേക്ക് മടങ്ങി. ലക്നൗ സ്വദേശി രാമുവാണ് കഴിഞ്ഞ ദിവസം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. രണ്ടു മാസത്തിൽ അധികമായി പക്ഷാഘാതം പിടിപെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഹോപ്പ് ആശുപത്രി സന്ദർശന പ്രവർത്തകരുടെ ശ്രദ്ധയിപ്പെട്ടതോടെയാണ് ഇദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറം ലോകം അറിഞ്ഞത്.
വീസ കാലാവധി കഴിഞ്ഞും ബഹ്റൈനിൽ തുടർന്ന അദ്ദേഹം സമ്പത്തിക പ്രശ്നം മൂലം കഴിഞ്ഞ പതിമൂന്ന് വർഷമായി നാട്ടിൽ പോയിരുന്നില്ല. യാത്രയ്ക്ക് ആവശ്യമായ പാസ്പോർട്ടോ മറ്റ് രേഖകളോ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നുമില്ല. ഹോപ്പ് ഇക്കാര്യം എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ ശ്രമഫലമായി യാത്രയ്ക്കുള്ള രേഖകൾ തയ്യാറാക്കുകയായിരുന്നു.
ഐസിആർഎഫ് അംഗങ്ങളായ കെ.ടി. സലിം, സുബൈർ കണ്ണൂർ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഹോപ്പ് അംഗങ്ങളായ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസ്സി യാത്രയ്ക്ക് ആവശ്യമായ ഔട്ട് പാസും ടിക്കറ്റും നൽകി. വീസയില്ലാതെ ബഹ്റൈനിൽ കഴിഞ്ഞതിന്റെ എമിഗ്രെഷൻ പിഴയും ഐസിആർഎഫ് നൽകി. ഹോപ്പ് ബഹ്റൈൻ ഗൾഫ് കിറ്റും അടിയന്തിര ചികിത്സാ സഹായവും നൽകിയാണ് രാമുവിനെ യാത്രയാക്കിയത്..
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ