ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ‘വിശപ്പുരഹിത ലോകം’ പദ്ധതി സാംബിയയിലേക്കു വ്യാപിപ്പിക്കുന്നു. ലുസാക്കയിലെ ജോൺ ലിയാങ് ബേസിക് സ്കൂളിലെ 6000 വിദ്യാർഥികൾക്കു ഭക്ഷണപ്പൊതികൾ നൽകുമെന്നു ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. ഇതോടെ പ്രതിവർഷം പദ്ധതി വഴി ഭക്ഷണം ലഭിക്കുന്നവരുടെ എണ്ണം 36 ലക്ഷമാകും.
പ്രഖ്യാപന ചടങ്ങിൽ സാംബിയ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമ, സാംബിയ കോൺസൽ ജനറൽ പ്രഫ. എൻകോമ്പോ മുക്ക, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, എംഡി ഷംലാൽ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
സാംബിയയിൽ 6000 വിദ്യാർഥികൾ പഠിക്കുന്ന മറ്റൊരു സ്കൂളിനെ കൂടി കണ്ടെത്തി നിർദേശിക്കാൻ എം.പി. അഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സ്വകാര്യ ഫണ്ടിൽ നിന്ന് 10 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സാംബിയയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് മലബാർ ഗോൾഡിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി വിപുലീകരിക്കുന്നത്. വിദ്യാർഥികളിലെ പോഷകാഹാരക്കുറവ്, ലിംഗ അസമത്വം, സാമൂഹികപരമായ വികസനം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ കൂടിയാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. വൃത്തിയുള്ള ഭക്ഷണം തയാറാക്കുന്നതിനും ദിവസേന 10,000 സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്നതിനുമായി പ്രത്യേകം അടുക്കളയും ഷെൽറ്ററും നിർമിക്കാനും പദ്ധതികളുണ്ടെന്നും എം.പി. അഹമ്മദ് പറഞ്ഞു. ആഭരണങ്ങളുടെ അസംസ്കൃത വസ്തുക്കൾ ഏറ്റവുമധികം ഖനനം ചെയ്യുന്നത് ആഫ്രിക്കയിൽ നല്ലൊരു വിഭാഗം ജനങ്ങളും പട്ടിണിയിലാണ് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ൽ ആണ് മലബാർ ഗ്രൂപ്പ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി തുടങ്ങിയത്. ഇന്ത്യയിൽ പ്രതിദിനം അർഹരായ ഒരു ലക്ഷം പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ