അബുദാബി ∙ അവികസിത രാജ്യങ്ങളിലെ (എൽഡിസി) സർക്കാർ ഉദ്യോഗസ്ഥരെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനത്തിൽ (എംസി13) പങ്കെടുക്കാൻ സഹായിക്കുന്നതിന് യുഎഇ 10 ലക്ഷം ദിർഹം സംഭാവന ചെയ്തു.
വിമാന ടിക്കറ്റ്, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള താമസം തുടങ്ങിയ യാത്രാ ചെലവുകൾ വഹിക്കാനാണ് തുക വിനിയോഗിക്കുക. ഓരോ മന്ത്രിതല സമ്മേളനത്തിലും രൂപീകരിക്കുന്ന എൽഡിസി ട്രസ്റ്റ് ഫണ്ടിലേക്ക് സ്വീഡൻ (25 ലക്ഷം ദിർഹം) ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സംഭാവന നൽകി.
ബഹുകക്ഷി വ്യാപാര ചർച്ചകൾ വിലപ്പെട്ടതാണെന്നും അംഗ രാജ്യങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും മന്ത്രിതല സമ്മേളനത്തിന് സാധിക്കുമെന്നും ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവേല പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ ചർച്ചകൾ സഹായിക്കും. അവികസിത രാജ്യങ്ങളുടെ സാന്നിധ്യം മന്ത്രിതല സമ്മേളനത്തിൽ ഉറപ്പുവരുത്താൻ സഹായിച്ച യുഎഇക്ക് അവർ നന്ദി പറഞ്ഞു.
ഡബ്ല്യുടിഒയിലും ആഗോള വ്യാപാരത്തിലും പങ്കെടുക്കുന്നതിനു അവികസിത രാജ്യങ്ങളെ ശാക്തീകരിക്കുന്നത് എല്ലാവരെയും തുല്യതയോടെ ഉൾക്കൊള്ളുന്ന ലോകത്തിനുള്ള നിക്ഷേപമാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രിയും എംസി13 ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. ആഗോള വ്യാപാരത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ രാജ്യങ്ങൾക്കും അവസരം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമാണ് യുഎഇ ഫണ്ടിലൂടെ നിർവഹിച്ചതെന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ