മനാമ ∙ ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിശ്വകല ഇൻഡോ ബഹ്റൈൻ എൻ്റർടെയ്ൻമെന്റ് ഫെസ്റ്റിവൽ ഇന്ന് (മാർച്ച് 1) ഗൾഫ് എയർ ക്ലബിൽ വച്ച് നടക്കും. വൈബ്സിൽ നൃത്ത പരിപാടി അവതരിപ്പിക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ബഹ്റൈനിൽ എത്തിച്ചേർന്നു. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക മേഖലയിൽ നിന്നുമുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലയാള ചലച്ചിത്ര പിന്നണി ഗായകരായ കണ്ണൂർ ഷെറീഫ്, സുമി അരവിന്ദ്, യുവ ഗായിക അതിയ ഷീജു എന്നിവർ ഒരുക്കുന്ന ഗാനമേള, നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ, സിനിമ സീരിയൽ താരം ശ്രീലയ റോബിൻ, കഥക് ഡാൻസർ ഖലീൽ ആ സ്വർ എന്നിവരുടെ പെർഫോമൻസുകളോടൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും, സ്വദേശികളായ ബഹ്റൈൻ കലാകാരന്മരും നടത്തുന്ന കലാവിരുന്നും വൈബ് ഫെസ്റ്റിൽ ഉണ്ടാകും. പ്രവേശനം സൗജന്യമായിരിക്കും. പ്രസിഡന്റ് സുരേഷ് സി എസ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ പാടിയത്ത്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ.പി.വി. ചെറിയാൻ, ഓർഗനൈസിങ്ങ് കമ്മിറ്റി വൈസ് ചെയർമാൻ സതീഷ് മൂതലയിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
∙ വിശ്വകർമ്മജർ കലയുടെ ഉപാസകർ; ലക്ഷ്മി ഗോപാലസ്വാമി
ലോകത്തെവിടെ ആയിരുന്നാലും വിശ്വകർമ്മജരായ ആളുകൾ കലയുടെ ഉപാസകർ ആയിരിക്കുമെന്നും ബഹ്റൈനിലെ വിശ്വകർമ്മജരുടെ സംഘടന അടക്കമുള്ള ലോകത്തിന്റെ വിവിധ കോണിലുള്ളവരുടെ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളതായും നർത്തകിയും ചലച്ചിത്ര താരവുമായ ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. വിശ്വകർമ്മ എന്നത് ഒരു ജാതിയോ മതമോ അല്ല, മറിച്ച് അവർ കലയുടെ കൈയ്യൊപ്പ് പതിഞ്ഞ അനുഗ്രഹീതരായവർ ആണെന്നും അവർ പറഞ്ഞു. ലോകത്തിന്റെ പല പ്രദേശങ്ങളിലും ഉള്ള ശില്പങ്ങളും നൃത്ത രൂപങ്ങളും എടുത്തു പരിശോധിച്ചാൽ അതിലൊക്കെയും വിശ്വകർമ്മജരുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു. റേഡിയോ അവതാരകയും ഗായികയുമായ സുമി അരവിന്ദ്, നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ എന്നിവരും അവർക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ