അബുദാബി ∙ വീസ സ്റ്റാംപിങിന് മുൻപുള്ള മെഡിക്കൽ പരിശോധനാ സൗകര്യം അബുദാബി അൽഷംഖയിലെ മക്കാനി മാളിലും തുടങ്ങി. ജനങ്ങൾ കൂടുതലായി എത്തുന്ന ഷോപ്പിങ് മാളുകളിൽ വീസ സ്ക്രീനിങ് സെന്റർ തുടങ്ങിയത് മാളിലെ സന്ദർശകർക്കു പുറമേ, അൽ ഷവാമഖ്, അൽഫല, മദീനത്ത് അൽ റിയാദ്, അൽ ഷംഖ, ഷഖ്ബൂത്ത് സിറ്റി എന്നിവിടങ്ങളിലുള്ള താമസക്കാർക്കും അനുഗ്രഹമാകും. പൊതുജന ആരോഗ്യ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജനങ്ങളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നത്. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി ഉദ്ഘാടനം ചെയ്തു.
മകാനി മാളിൽ അൽ ഖുറം സ്മാർട്ട് സർവീസസ് സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുക. വീസ പുതുക്കാനെത്തുന്ന അതേ സ്ഥലത്തു തന്നെ വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയത് ജനങ്ങൾക്ക് എളുപ്പമാകും. പ്യുവർ ഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസിനു കീഴിലുള്ള 18ാമത് വീസ സ്ക്രീനിങ് കേന്ദ്രമാണിത്.
പ്രവൃത്തി സമയം പകൽ 9–6
ഞായർ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ. നേരത്തെ ബുക്ക് ചെയ്തവർക്കും നേരിട്ട് എത്തുന്നവർക്കും പ്രത്യേക കൗണ്ടറുകൾ.
മൊബൈൽ സ്ക്രീനിങ്
വലിയ കമ്പനികൾ [email protected] ഇമെയിൽ വഴി ബുക്ക് ചെയ്താൽ മൊബൈൽ വീസ സ്ക്രീനിങ് ക്ലിനിക് കമ്പനി ആസ്ഥാനത്തെത്തി ജീവനക്കാരുടെ വീസ മെഡിക്കൽ സേവനങ്ങൾ പൂർത്തിയാക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ