അബുദാബി ∙ ആഗോളതലത്തിൽ വർധിച്ചുവരുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ പുതിയ സംരംഭവുമായി യുഎഇ. ‘മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ജല പ്രതിസന്ധി പരിഹരിക്കുന്നതിന് നൂതനമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തി ജലക്ഷാമം പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്തും. ഇതിന് ആഗോള രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും.
വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ‘മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ്’ ചെയർമാൻ. എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്കിനെ വൈസ് ചെയർമാനായും നിയമിച്ചു. ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് അൽ ഷംസി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ.
പ്രസിഡൻഷ്യൽ കോർട്ട് ഇന്റർനാഷനൽ അഫയേഴ്സ് ഓഫിസ് മേധാവി മറിയം അൽ മുഹൈരി, നൂതന സാങ്കേതിക ഗവേഷണ കൗൺസിൽ സെക്രട്ടറി ജനറൽ ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായി, വിദേശകാര്യ സഹ മന്ത്രി (ഊർജം, സുസ്ഥിരം) അബ്ദുല്ല ബെലാല, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാന്റെ ഉപദേശകൻ ഡേവിഡ് സ്കോട്ട്, ബ്രിജ് വാട്ടർ സ്ഥാപകൻ റേ ഡാലിയോ എന്നിവരെയും ബോർഡിലേക്കു തിരഞ്ഞെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ