ദുബായ്∙ ഓടിചാടി നടക്കുന്ന അഞ്ചാം വയസ്സിലേക്ക് സാറ ആൻ ഗ്ലാഡിസ് ചുവട് വച്ചത് അച്ഛന്‍ ചിന്‍റു ഡേവിസ് സമ്മാനിച്ച സ്കേറ്റ്ബോർഡിലൂടെയാണ്. ഒരുവർഷത്തിനുളളില്‍ സ്കേറ്റ് ബോർഡിനെ അനായാസം വരുതിയിലാക്കി സാറ. സ്കേറ്റ് ബോർഡില്‍ ‘പറക്കുന്ന കുട്ടി’യായി മാറി കായികമേഖലയ്ക്കുള്ള കുതിപ്പ് തുടങ്ങി. ദുബായില്‍ നടക്കുന്ന വേള്‍ഡ് സ്കേറ്റ് ബോർഡിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയാണ് എട്ടു വയസ്സുകാരിയായ സാറയിപ്പോള്‍. റോളർ സ്കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ചാംപ്യന്‍ഷിപ്പില്‍ സാറയെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് എന്ന വലിയ സ്വപ്നത്തിലേക്കുളള ചവിട്ടുപടിയാണ് സാറയ്ക്ക് ഈ ചാംപ്യന്‍ഷിപ്പുകളോരോന്നും.
∙ നേട്ടങ്ങളിലേക്കുളള വഴി കഠിനാധ്വാനം
മകള്‍ക്ക് സ്കേറ്റിങിനോടുളള ഇഷ്ടം മനസിലാക്കിയ ചിന്‍റുവും ആനിയും അവള്‍ക്കൊപ്പം നിന്നു. പരിശീലനത്തിനും മറ്റുമായി സമയം കണ്ടെത്തുകയെന്നുളളതാണ് പ്രധാനം. മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് സാറയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം ഇവർ ചേർന്നുനിന്നു. ചാംപ്യന്‍ഷിപ്പുകൾക്ക് മുന്നോടിയായി രാവിലെയും വൈകിട്ടും പരിശീലനം നടത്തും. സ്കൂളിൽ ക്ലാസുള്ള ദിവസങ്ങളില്‍ വൈകുന്നേരമാണ് പരിശീലനം.
ഷാർജ അവർ ഓണ്‍ ഇന്ത്യന്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സാറ. മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും പരിശീലനത്തിനായും ക്ലാസുകള്‍ ഒഴിവാക്കേണ്ടിവരുമ്പോള്‍ സ്കൂൾ അധികൃതരും അധ്യാപകരും നല്‍കുന്ന പിന്തുണയിലാണ് പഠനം മുന്നോട്ടുപോകുന്നത്. ഭക്ഷണകാര്യത്തില്‍ ഉള്‍പ്പടെ കരുതലെടുത്തുകൊണ്ടാണ് മകളെ ഇതിനായി ഒരുക്കുന്നതെന്ന് അമ്മ ആനി പറയുന്നു. ‘ സ്കേറ്റിങ് ചെയ്യുമ്പോള്‍ മകള്‍ വീഴുമോ പരുക്കുപറ്റുമോയെന്നുളള പേടി ആദ്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ധൈര്യമായി. ഇത്രവലിയ കായിക ഇനമാണെന്ന് തിരിച്ചറിഞ്ഞത് മകള്‍ സ്കേറ്റിങില്‍ സജീവമായതിന് ശേഷമാണ്. അവള്‍ മതിയെന്ന് പറയുന്നതുവരെ പൂർണപിന്തുണ നല്‍കി കൂടെ നിൽക്കും’ – ആനി പറയുന്നു. നാലു വയസ്സുളള കാബിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കാരന്‍ ജോയും ചേച്ചിയെ പോലെ സ്കേറ്റിങ്ങിനുള്ള തയാറെടുപ്പിലാണ്.
∙ നേട്ടങ്ങള്‍
കഴിഞ്ഞ ഒക്ടോബറില്‍ ഇറ്റലിയില്‍ നടന്ന പാർക്ക് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാറ പങ്കെടുത്തു. രാജ്യാന്തര സ്കേറ്റ് ബോർഡ് ടൂർണമെന്‍റുകളില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളാണ് സാറ. 2023ല്‍ പൂനെയില്‍ നടന്ന സ്കേറ്റ് ബോർഡിങ് മത്സരങ്ങളില്‍ ഗോള്‍ഡ് പാർക്ക് നേടി. മണിപ്പൂരില്‍ 2022-23ല്‍ നടന്ന ഓള്‍ ഇന്ത്യ റാങ്കിങ് മത്സരത്തില്‍ മൂന്നാം സ്ഥാനവും സാറ സ്വന്തമാക്കിയിട്ടുണ്ട്. 7 മുതല്‍ 9 വയസ്സുവരെയുളള കുട്ടികള്‍ക്കായി ബെംഗളൂരുവില്‍ 2022ല്‍ നടന്ന റോളർ നാഷനല്‍സില്‍ സില്‍വർ മെഡലായിരുന്നു സാറയ്ക്ക്. ഇതുകൂടാതെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ എട്ടുവയസ്സുകാരി.
∙ ലക്ഷ്യം ഒളിംപിക്സ്
രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സാറയുടെ ലക്ഷ്യം ഒളിംപിക്സാണ്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് സാറ. വർഷംതോറും നടക്കാറുള്ള രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിൽ പങ്കെടുക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒളിംപിക് വേള്‍ഡ് സ്കേറ്റ് ബോർഡിങ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 85–ാം സ്ഥാനത്താണ് സാറയിപ്പോൾ, ഇന്ത്യയില്‍ നിന്ന് ഇതിൽ ഇടം പിടിച്ച ഏക പെണ്‍കുട്ടി.
2028 ലെ ഒളിംപിക്സ് മുന്നില്‍ കണ്ടുകൊണ്ടാണ് പരിശീലനമെന്ന് സാറയുടെ അച്ഛൻ ചിന്‍റു പറയുന്നു. ഷാർജ അല്‍ ജാദ സ്കേറ്റ് പാർക്കിലാണ് പരിശീലനം . രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രതിഭാധനരായവരെ കാണാനും അനുഭവങ്ങള്‍ മനസിലാക്കാനും സാധിക്കാറുണ്ട്. അത് സാറയ്ക്ക് ഗുണം ചെയ്യാറുണ്ടെന്നും ചിന്‍റു പറയുന്നു. കഠിനാധ്വാനത്തിനുളള മനസ്സും ചിട്ടയായ പരിശീലനവും തന്നെയാണ് സാറയുടെ നേട്ടങ്ങളുടെ അടിത്തറ. അതിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു പോയാല്‍ ഒളിംപിക്സ് വേദിയില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തോടൊപ്പം സാറയുടെ പേര് ഉയർന്നുകേള്‍ക്കുന്ന ദിവസം വിദൂരമാകില്ല
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ