കൊച്ചി: ആൺകുട്ടിയുണ്ടാകാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ട രീതി നിർദേശിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. വിവാഹത്തിന്‍റെ ആദ്യ ദിവസം തന്നെ ശാരിരികബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയെന്ന കുറിപ്പ് ഭർതൃവീട്ടുകാർ കൈമാറിയെന്ന ആരോപണം ശരിയെങ്കിൽ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കുടുംബക്ഷേമ വകുപ്പിന് കീഴിലെ പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ അഡീഷണൽ ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതിൽ ഈ നിയമം ബാധകമാകുമോയെന്ന് വ്യക്തമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതി ഭർതൃവീട്ടുകാർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയച്ച. ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
2012 ഏപ്രിൽ 12നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി 39കാരിയായ പരാതിക്കാരുടെ വിവാഹം. ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകീട്ട് ഭർത്താവും മാതാപിതാക്കളും കൂടി തനിക്ക് നൽകുകയായിരുന്നു. ഭർത്താവുമൊന്നിച്ച്ന്നിച്ച് ലണ്ടനിൽ താമസിക്കവെ ഗർഭിണിയായതിനെ തുടർന്ന് യുവതി നാട്ടിലേക്ക് മടങ്ങി. 2014ൽ പെൺകുട്ടി ജനിച്ചതോടെ ഭർത്താവിന്‍റെയും വീട്ടുകാരുടേയും ഉപദ്രവം വർധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.